rajnath postpones visit to russia us calls emergency meet

ന്യൂഡല്‍ഹി: കശ്മീരിലെ ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ.

പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമാണ്, പാക്ക് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഭീകരര്‍ അതിര്‍ത്തി കടക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച ഭീകരരാണ് ഉറിയില്‍ ആക്രമണം നടത്തിയത്.

വന്‍ ആയുധശേഖരവും ഇവരുടെ കൈവശമുണ്ടായിരുന്നു. പാക്ക് സര്‍ക്കാര്‍ ഭീകരരെ നേരിട്ടു പിന്തുണയ്ക്കുന്നതിന് തെളിവാണിത്. പാക്ക് സര്‍ക്കാരിന്റെ നടപടിയില്‍ വലിയ നിരാശയുണ്ട്.

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി ചേര്‍ന്ന ഉന്നതതലയോഗത്തിനുശേഷം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു.

അതേസമയം, ഉറി ആക്രമണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കാതെ വിടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരവ് അറിയിക്കുന്നു.

ഉറിയിലെ ആക്രമണത്തെ അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് ആഭ്യന്തമന്ത്രിയോടു സംസാരിച്ചു. അദ്ദേഹം ഉടന്‍തന്നെ കശ്മീരിലേക്കു തിരിക്കും, മോദി കൂട്ടിച്ചേര്‍ത്തു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ, മുഖ്യമന്തി മെഹ്ബൂബ മുഫ്തി എന്നിവരുമായി രാജ്‌നാഥ് സിങ് രാവിലെ തന്നെ സംസാരിച്ചിരുന്നു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ രാജ്‌നാഥ് സിങ് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷിയോടും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാജ്‌നാഥ് ഇന്ന് റഷ്യയിലേക്കു തിരിക്കേണ്ടതായിരുന്നു. തുടര്‍ന്ന് 26ന് ആറു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലേക്കും പോകേണ്ടതായിരുന്നു.

ഇവ രണ്ടും മാറ്റിവച്ചു. കശ്മീര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇതു രണ്ടാം തവണയാണ് രാജ്‌നാഥ് സിങ് യുഎസിലേക്കുള്ള സന്ദര്‍ശനം മാറ്റിവയ്ക്കുന്നത്.

നേരത്തേ ജൂലൈ 17ന് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ജൂലൈ എട്ടിന് ലഷ്‌കറെ തയിബ ഭീകരന്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ സംഘര്‍ഷ ഭൂമിയായതോടെ ഇതു മാറ്റിവച്ചു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് കശ്മീരിലെത്തിയിട്ടുണ്ട്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ഉടന്‍ കശ്മീരിലെത്തും.

Top