Rajnadh singh statement mavoist attack

ന്യൂഡല്‍ഹി: കേരളത്തിലെ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ ജാഗ്രതവേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.

ഭരണപൊലീസ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മേഖലാ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം മാവോയിസ്റ്റുകളെ നേരിടാന്‍ കേരളം പുതിയ ബറ്റാലിയന്‍ ചോദിച്ചെങ്കിലും അനുവദിച്ചില്ല.

കേരളത്തില്‍ രണ്ടു മാവോയിസ്റ്റുകളെ പൊലീസ് വധിച്ചതോടെ മാവോയിസ്റ്റ് ഭീഷണിക്ക് പുതിയ മാനങ്ങള്‍ കൈവന്നുവെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

സംസ്ഥാനങ്ങള്‍ തമ്മില്‍ കൂടുതല്‍ ഏകോപനം വേണ്ടമെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ സംയുക്ത പരിശോധനകള്‍ വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ദക്ഷിണേന്ത്യന്‍ വ്യാവസായിക ഇടനാഴി കൊച്ചിവരെ നീട്ടണമെന്നും നാളികേരത്തെ എണ്ണക്കുരുവായി പ്രഖ്യാപിക്കണമെന്നും ഉള്ള വര്‍ഷങ്ങളായ ആവശ്യങ്ങള്‍ കേരളം ആവര്‍ത്തിച്ചു.

നിര്‍ദ്ദിഷ്ട അതിവേഗ റയില്‍പ്പാത കാസര്‍കോഡ് അവസാനിപ്പിക്കാതെ മംഗലൂരു ഉഡുപ്പിവരെ നീട്ടണമെന്ന് കര്‍ണാടകം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റയില്‍വെയുമായി ചര്‍ച്ച നടത്തും.

തദ്ദേശസ്ഥാപനങ്ങള്‍ പിരിക്കുന്ന തൊഴില്‍ക്കരത്തിന്റെ ഉയര്‍ന്ന പരിധി 2500 രൂപയില്‍ നിന്ന് ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യവും സ്വീകരിച്ചു.

ഇതിന് ഭരണഘടനാ ഭേദഗതി വേണം. തമിഴ്‌നാട്ടിലെ കാറ്റാടിവൈദ്യുതി കേരളവുമായി പങ്കിടുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ടായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മേഖലാ സമിതിയുടെ അടുത്ത യോഗം ബംഗലൂരുവിലാണ്.

Top