rajnadh singh do not take action against kerala government about political attack

രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ കേരള സര്‍ക്കാറിനെതിരെ ഭരണഘടനാപരമായ നടപടിക്കില്ലന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്.

പരസ്പര ചര്‍ച്ചയിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതാണ് ഉചിതമെന്നും കേരളത്തിലെ ബി ജെ പി ആര്‍ എസ് എസ് നിലപാട് തളളി മന്ത്രി പറഞ്ഞു.

കൊച്ചിയിലേക്കുള്ള പ്രത്യേക വിമാനത്തിലെ യാത്രക്കിടെ രാജ്‌നാഥ് സിങ്ങിനൊപ്പമുണ്ടായിരുന്ന മനോരമ ലേഖകനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അക്രമം അവസാനിപ്പിക്കാന്‍ ഉടനടി കാര്യക്ഷമമായ നടപടികളെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോടു നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യാമെന്നു മുഖ്യമന്ത്രി ഉറപ്പും തന്നിട്ടുണ്ട്. കേരളത്തിലെ, പ്രത്യേകിച്ചു കണ്ണൂരിലെ അക്രമകാരികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് എല്ലാ സഹകരണവും സംസ്ഥാന സര്‍ക്കാരിനു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ചില യുവാക്കളുടെ ഐഎസ് ബന്ധം ഗൗരവമുള്ള ഭീഷണിയായി കാണുന്നില്ലെന്നും മന്ത്രി സിങ് പറഞ്ഞു. രാജ്യത്തു വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായിട്ടുള്ളത്. മുസ്‌ലിം യുവാക്കള്‍ തീവ്രവാദത്തിലേക്കു തിരിയുന്നതിനെ രക്ഷിതാക്കള്‍ തന്നെ പിന്തിരിപ്പിക്കുന്നുണ്ട്.

ഉദാരനിലപാടുള്ള ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഐഎസുമായി യോജിക്കാന്‍ കഴിയില്ല. തീവ്രവാദം ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതായി മുസ്‌ലിംകള്‍ തിരിച്ചറിയുന്നുണ്ട്. മുസ്‌ലിം ജനത തീവ്രവാദത്തിനെതിരെ ശക്തമായി രംഗത്തിറങ്ങുന്ന കാലം വിദൂരമല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

തെറ്റിധാരണകള്‍ മാറ്റാനായാല്‍ കേരളത്തില്‍ ബിജെപിക്കു മുസ്‌ലിം വോട്ടും ലഭിക്കും. ജനങ്ങളെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കാതെ എല്ലാവരുടെയും ഉന്നമനത്തിനായാണു ബിജെപി ശ്രമിക്കുന്നതെന്നും രാജ്‌നാഥ് സിങ് അവകാശപ്പെട്ടു.

കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം നിസ്സാരമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സായുധ വിപ്ലവ ശ്രമങ്ങള്‍ വച്ചു പൊറുപ്പിക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കേരളത്തില്‍ മാവോയിസ്റ്റുകളെ വധിച്ചതു ശക്തമായ നടപടിയുടെ തെളിവാണ്. ആയുധം ഉപേക്ഷിച്ചു വന്നാല്‍ ആരുമായും ചര്‍ച്ചയ്ക്കു കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Top