കൊടുക്കാനുള്ള പദവികൾ മുഴുവൻ കൊടുത്തിട്ടും എന്താണ് വീണ്ടും വീണ്ടും വേണമെന്ന് പറയുന്നത്? : രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: സിപിഐഎം ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനത്തെ കുറ്റപ്പെടുത്തി രാജ്മോഹൻ ഉണ്ണിത്താൻ. കെ വി തോമസ് കാണിച്ചത് നന്ദികേടാണ്. കൊടുക്കാനുള്ള പദവികൾ മുഴുവൻ കൊടുത്തിട്ടും എന്താണ് വീണ്ടും വീണ്ടും വേണമെന്ന് പറയുന്നത്? സെമിനാറിൽ പങ്കെടുക്കരുതെന്ന പാർട്ടി തീരുമാനമല്ല ഇപ്പോൾ വിശകലനം ചെയ്യപ്പെടേണ്ടതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

‘മൂന്ന് വർഷക്കാലം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യ ചെയ്തിരുന്ന മന്ത്രിയായിരുന്നു കെ വി തോമസ്. 22 വർഷക്കാലം ഇന്ത്യൻ പാർലമെന്റിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചയാളാണ്. എട്ടുകൊല്ലം എംഎൽഎ, 3 വർഷം സംസ്ഥാനത്ത് മന്ത്രി, 5 വർഷക്കാലം കേന്ദ്രമന്ത്രി, 22 വർഷം പാർലമെന്റ് അംഗം തുടങ്ങി ഇത്രയും പദവികൾ കൊടുത്തിട്ടും താൻ നിരാശനാണെന്നും, പാർട്ടി അവഗണിക്കുകയാണെന്നും പറഞ്ഞാൽ എന്താണ് പൊതുജനം മനസിലാക്കേണ്ടത്?

ഒരു വ്യക്തിക്ക് ഒരു ജന്മം കിട്ടാനുള്ളതെല്ലാം പാർട്ടിയിൽ നിന്ന് കിട്ടി, ഇനിയെന്താണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് മനസിലാകുന്നില്ല. പാർട്ടി ഒരു തീരുമാനമെടുത്തു. അതിലെ ശരിതെറ്റുകളല്ലല്ലോ വിശകലനം ചെയ്യേണ്ടത്? വിഘടവാദികൾക്കും ഫാസിസ്റ്റ് ശക്തികൾക്കുമെതിരെ പ്രതികരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുമ്പോൾ മാർക്സിസ്റ്റ് പാർട്ടി മാത്രമാണ വ്യത്യസ്തമായി നിൽക്കുന്നത്. ആ മാർക്സിസ്റ്റ് പാർട്ടിയുടെ ദേശീയ സെമിനാറിൽ പങ്കെടുക്കരുതെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

 

Top