ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന സിനിമ ; മഹാഭാരത അങ്കത്തട്ടിലേക്ക് രാജമൗലിയും

സിനിമാലോകത്തെ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി രാജമൗലിയുടെ മഹാഭാരത.

എംടിയുടെ രണ്ടാമൂഴം 1000 കോടി പ്രോജ്കടില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.എന്നാല്‍ ഈ പ്രോജക്ട് ആരംഭിക്കും മുമ്പേ പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ന്നുകേട്ടത് രാജമൗലിയുടെ മഹാഭാരതത്തെക്കുറിച്ചാണ്.

ബാഹുബലിപോലുള്ള ബ്രഹ്മാണ്ഡ സിനിമ ചെയ്ത രാജമൗലിയുടെ സ്വപ്നപദ്ധതിയാണ് മഹാഭാരത. ഏകദേശം രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ പ്രോജക്ടിനെക്കുറിച്ച് രാജമൗലി ആദ്യമായി വെളിപ്പെടുത്തുന്നത്. അന്ന് പത്ത് വര്‍ഷത്തിന് ശേഷം ഈ സിനിമ തുടങ്ങുമെന്നുമാണ് രാജമൗലി അറിയിച്ചിരുന്നത്‌.

എന്നാല്‍ ഈ അടുത്തിടെ ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഈ പ്രോജക്ടിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി. അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ മഹാഭാരത ഏറ്റെടുക്കുമെന്നാണ് രാജമൗലി പറഞ്ഞിരിക്കുന്നത്.

‘എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന സിനിമയാണ് മഹാഭാരത. എന്നാല്‍ പെട്ടന്നൊരു സുപ്രഭാതത്തില്‍ അത് ചെയ്യാനാകില്ലെന്നും മഹാഭാരതത്തെക്കുറിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇന്നോളം പതിഞ്ഞിട്ടുള്ള മറ്റെല്ലാ വ്യാഖ്യാനങ്ങളെയും നീക്കികളയുന്നതാകണം എന്റെ മഹാഭാരതം. എട്ട് വര്‍ഷം കഴിയുമ്പോള്‍ ഞാനത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘മഹാഭാരതം സിനിമയാക്കണമെങ്കില്‍ നമുക്ക് ‘താരങ്ങളെ’ സൃഷ്ടിക്കേണ്ടി വരും, നിലവിലുള്ള താരങ്ങളെവച്ച് ഈ സിനിമ ചെയ്യാനാകില്ല. ഹോളിവുഡിലെ ഗെയിം ഓഫ് ത്രോണ്‍സ് സീരിസിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതില്‍ രണ്ടോ മൂന്നോ താരങ്ങളൊഴിച്ചാല്‍ ഈ സീരിസ് ആദ്യമായി തുടങ്ങുമ്പോള്‍ ഇതില്‍ അഭിനയിച്ചിരുന്നവരെ ആരെയെങ്കിലും നിങ്ങള്‍ക്ക് പരിചയമുണ്ടായിരുന്നോ? എന്നാല്‍ അതേ സീരിസിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സീസണ്‍ അവസാനിക്കുമ്പോഴേക്കും അവര്‍ നിങ്ങളുടെ പ്രിയതാരങ്ങളായി മാറികഴിയും. അത് മാത്രമല്ല ഈ വേഷം വേറെ ആരും ചെയ്യരുതെന്നും നിങ്ങള്‍ ആഗ്രഹിക്കും. അങ്ങനെയാണ് ഈ സിനിമ ചെയ്യേണ്ടത്. അതിനായി നമ്മള്‍ ‘താരങ്ങളെ’ സൃഷ്ടിക്കണമെന്നും’ രാജമൗലി വിശദീകരിച്ചു.

Top