രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം ധനസഹായം; ഭാര്യയ്ക്ക് ജോലി നല്‍കാനും തീരുമാനം

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലിയും, കുടുംബത്തിന് 16 ലക്ഷം ധനസഹായവും നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

രാജ്കുമാറിന്റെ വീട്ടിലെ നാല് കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം വീതം നല്‍കാനാണ് തീരുമാനം. രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമുറകള്‍ക്ക് വിധേയമാക്കിയത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ജൂണ്‍ 12 ന് രാജ്കുമാറിനെയും കൂട്ടുപ്രതികളായ ശാലിനി, മഞ്ജു എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 16-ാം തീയതി വരെ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് പൊലീസ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു.

Top