നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ റീപോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം നടത്തി. പരിശോധനയില്‍ മര്‍ദനമേറ്റതിന്റെ കൂടുതല്‍തെളിവുകള്‍ പോലീസിന് ലഭിച്ചു. രാജ്കുമാറിന്റെ നെഞ്ചിന്റേയും തുടയുടേയും വയറിന്റേയും ഭാഗത്ത് കൂടുതല്‍ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കാലുകള്‍ ബലമായി അകത്തിയതിന്റെ പരിക്കുകളും റീപോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.

നേരത്തെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അതിനെ തുടര്‍ന്നുണ്ടായ അണുബാധയിലൂടെ ന്യൂമോണിയ ബാധിച്ചതാണ് മരണകാരണം സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.എന്നാല്‍ അണുബാധയുടെതോത് മനസിലാക്കാന്‍ രാജ്കുമാറിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലങ്ങള്‍ വന്നതിന് ശേഷം മാത്രമേ ന്യൂമോണിയ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ സാന്നിധ്യത്തിലായിരുന്നുഇന്ന് റീപോസ്റ്റ്മോര്‍ട്ടം നടത്തിയത്.മൃതദേഹം സംസ്‌കരിച്ച് മുപ്പത്തിയേഴാം ദിവസമാണ് പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം നടത്തിയത്.

Top