ഉരുട്ടിക്കൊല; രണ്ടു പൊലീസുകാര്‍ ഒളിവില്‍, ഇരുവരെക്കുറിച്ചും വിവരമില്ല

തൊടുപുഴ : ഉരുട്ടിക്കൊലയ്ക്കു നേതൃത്വം കൊടുത്ത എഎസ്‌ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവര്‍ ഒളിവില്‍. ഇരുവരെക്കുറിച്ചും ഒരു വിവരവുമില്ല. മറ്റു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു പിന്നാലെയാണ് ഇരുവരും ഒളിവില്‍ പോയത്. മരിച്ച കുമാറിനെ കൂടുതല്‍ ഉപദ്രവിച്ചത് നിയാസാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതേസമയം രാജ്കുമാറിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ ഗുരുതര പിഴവുകളുണ്ടെന്ന വിവരം പുറത്തുവന്നു. പരുക്കുകളുടെ പഴക്കം കണ്ടെത്തിയില്ല എന്ന് മാത്രമല്ല ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കും അയച്ചില്ല. കസ്റ്റഡിമര്‍ദനത്തിന് ജയില്‍ ഉദ്യോഗസ്ഥരോ നാട്ടുകാരോ പ്രതിക്കൂട്ടിലാകുന്ന സ്ഥിതിയിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് അതിക്രമക്കേസുകളില്‍ ഡോക്ടര്‍മാരുടെ സംഘം വേണം പോസ്റ്റുമോര്‍ട്ടം നടത്താനെന്ന നിര്‍ദേശവും ഇവിടെ പാലിച്ചില്ല.

ചതവുകളും തൊലിപ്പുറത്തെ പോറലുകളും അടക്കം ആകെ 22 പരുക്കുകള്‍ രാജ്കുമാറിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഒന്നിന്റെയും പഴക്കം പറയുന്നുമില്ല. ന്യുമോണിയ മരണ കാരണമായെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ കടുത്ത മര്‍ദനം ഏറ്റിട്ടുണ്ടെന്നും കൃത്യമായി പറയുന്നു. മരണകാരണം എന്തെന്ന് സംശയാതീതമായി തെളിയിക്കാന്‍ ന്യുമോണിയയുടെ തോത് മനസിലാക്കാന്‍ ശ്വാസകോശത്തിന്റെ സാംപിള്‍ പരിശോധന ആവശ്യമായിരുന്നു. എന്നാല്‍ ഇവിടെ അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയും നടന്നില്ല. കസ്റ്റഡിമരണക്കേസുകളില്‍ പോസ്റ്റുമോര്‍ട്ടത്തിന് ഡോക്ടര്‍മാരുടെ സംഘം വേണമെന്നിരിക്കെ, ഇവിടെ അതും പ്രഹസനമാക്കി.

Top