രാജ്കുമാര്‍ കസ്റ്റഡി മരണം; ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്

കൊച്ചി: രാജ്കുമാര്‍ കസറ്റഡി മരണക്കേസില്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചെന്ന് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്. രാജ്കുമാര്‍ കസ്റ്റഡി മരണക്കേസ് ഇടുക്കി മജിസ്‌ട്രേറ്റ് കൈകാര്യം ചെയ്തത് നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ സൂക്ഷിച്ചശേഷമാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ മജിസ്ട്രേറ്റ് പൊലീസിനോട് വിശദീകരണം ചോദിച്ചില്ല. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിയായിരുന്നിട്ടും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനോ , പൊലീസിനോട് വിശദീകരണം ചോദിക്കാനോ ഇടുക്കി മജിസ്‌ട്രേറ്റ് തയ്യാറായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

വെളിച്ചമില്ലാത്ത സ്ഥലത്തുവച്ചാണ് മജിസ്ട്രേറ്റ് രാജ്കുമാറിനെ പരിശോധിച്ചത്. വീട്ടിലേക്ക് പ്രതിയെ കൊണ്ടുവരേണ്ടതായിരുന്നു എങ്കിലും അത് മജിസ്‌ട്രേറ്റ് ചെയ്തില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Top