ശാരദ ചിട്ടിത്തട്ടിപ്പ്; മമതയ്ക്ക് തിരിച്ചടി, രാജീവ് കുമാറിനെ ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശാരദ ചിട്ടിത്തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടി നല്‍കി സുപ്രീംകോടതി ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐയ്ക്ക് ചോദ്യം ചെയ്യുവാനുള്ള അനുമതി സുപ്രീംകോടതി നല്‍കിയിരിക്കുകയാണ്. രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചത്തേക്ക് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി അനുകൂല വിധി പറഞ്ഞത്. ബംഗാളില്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുമതി ലഭിച്ചിരിക്കുന്നത്. നിയമപരമായ നടപടികളുമായി സിബിഐയ്ക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി അറിയിച്ചു.

1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായിരുന്ന രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ അന്വേഷണ ചുമതല നല്‍കിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് അറിയുവാന്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. കേസ് വൈകിപ്പിക്കുവാനും ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങളില്‍ രാജീവ് കുമാറിന് പങ്കുണ്ടെന്നാണ് സിബിഐ കരുതുന്നത്.

കേസില്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയില്‍ എത്തിയതിനെ തുടര്‍ന്ന് ബംഗാളില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഏറെ വിവാദമായി മാറിയിരുന്നു. കൊല്‍ക്കത്ത പൊലീസ് സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ വൈരാഗ്യപൂര്‍വം പ്രവര്‍ത്തിക്കുകയുമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യാഗ്രഹം ഇരുന്നിരുന്നു. തുടര്‍ന്ന് കോടതി വിഷയത്തില്‍ ഇടപെടുകയും സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും രാജീവ് കുമാറിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്ന് കോടതി ഉത്തരവിട്ടത്.

Top