Rajiv Gandhi’s killers to stay in jail, Supreme Court upholds its decision

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴു പേരെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ശ്രമത്തിനു തിരിച്ചടി. കേസിലെ പ്രതികളെ ഈ ഘട്ടത്തില്‍ വിട്ടയ്ക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

ഇതു സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീടുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു.

രാജീവ് ഘാതകരെ വിട്ടയയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു, ജസ്റ്റീസുമാരായ എഫ്.എം.ഐ. ഖലീഫുള്ള, പിനാകി ചന്ദ്ര ഘോഷ്, അഭയ് മനോഹര്‍ സാപ്രെ, യു.യു. ലളിത് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം പരിശോധിച്ചത്.

വധശിക്ഷ ഇളവ് ചെയ്തു ജീവപര്യന്തമാക്കിയവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തി.

ജീവപര്യന്തം സംബന്ധിച്ച് ഭരണഘടനാ ബെഞ്ചില്‍ ഭിന്നത ഉണ്ടായി. ജീവപര്യന്തം എന്നാല്‍ ജീവിതാവസാനം വരെയാണെന്ന് മൂന്നു ജഡ്ജിമാര്‍ വാദിച്ചു. 14 വര്‍ഷമായി കണക്കാക്കാന്‍ ചില പ്രത്യേക കേസുകളില്‍ സാധിക്കില്ലെന്നും വാദമുണ്ടായി.

വി. ശ്രീരാം എന്ന മുരുകന്‍, എ.ജി. പേരറിവാളന്‍ എന്ന അറിവ്, ടി. സുതേന്ദ്രരാജ എന്ന ശാന്തന്‍ എന്നിവരെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം 2014 ഫെബ്രുവരി 18നും നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ മോചിപ്പിക്കാനുള്ള തീരുമാനം പിന്നീടും സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.

മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച സുപ്രീം കോടതി വിധി വന്ന് രണ്ട് ദിവസത്തിനുശേഷമായിരുന്നു ഇവരെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

രാജ്യാന്തര ഗൂഢാലോചനയ്ക്കുശേഷം നടന്ന രാജീവ് വധത്തിലെ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. ദയാഹര്‍ജികളും ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും നിയമനടപടികളെ പ്രതികൂലമായി ബാധിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. കുറ്റവാളികളെ മോചിപ്പിക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം തമിഴ്‌നാട് സര്‍ക്കാര്‍ തള്ളി. ഇത്തരത്തില്‍ മോചനം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നുണ്ടെന്നാണ് തമിഴ്‌നാടിന്റെ വാദം.

Top