പേരറിവാളനെ വിട്ടയയ്ക്കണമെന്ന് കമൽ ഹാസൻ

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി നടൻ കമൽ ഹാസൻ. 30 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളന് വൈകിയെങ്കിലും നീതി ലഭിക്കണമെന്ന് കമൽ ഹാസൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കമൽ ഹാസന്റെ പ്രതികരണം.

ശരിയായ രീതിയിലാണോ പേരറിവാളന്റെ വിചാരണ നടക്കുന്നതെന്ന സംശയം കമൽ ഹാസൻ പ്രകടിപ്പിച്ചു. 30 വർഷം പൂർത്തിയായിട്ടും പേരറിവാളന്റെ ജയിൽ വാസം തുടരുകയാണ്. കോടതികൾ വെറുതെ വിട്ടെങ്കിലും ഗവർണറുടെ ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നൽകണമെന്നും പേരറിവാളനെ വിട്ടയയ്ക്കണെന്നും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

അതേസമയം മകനു വേണ്ടി 29 വർഷം നിയമപോരാട്ടം നടത്തിയ പേരറിവാളന്റെ അമ്മ അർപ്പുതമ്മാളിന്‍റെ പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്നും മക്കൾ സെൽവൻ വിജയ് സേതുപതി ഫേസ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെട്ടു. 19ാം വയസ്സിൽ ജയിലിൽ അടക്കപ്പെട്ട പേരറിവാളന് 26 വർഷങ്ങൾക്ക് ശേഷമാണ് പരോൾ ലഭിച്ചത്. പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. പേരറിവാളന്‍റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച ഫയലിൽ 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Top