രാജീവ് ഗാന്ധി വധക്കേസ്; നളിനിയ്ക്ക് 30ദിവസത്തെ പരോള്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് ഉപാധികളോടെ പരോള്‍. മകളുടെ വിവാഹത്തിനായി 30 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടേതാണ്‌ വിധി.

ആറ് മാസത്തെ പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലിലാണ്.

1991 ല്‍ തമിഴ്നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് ചാവേര്‍ സ്ഫോടനത്തിലൂടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി.

1991 മേയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1998 ജനുവരിയില്‍ പ്രത്യേക കോടതി 26 പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു. 1999 മേയ് 11ന് ഇവരില്‍ നളിനിയുള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.

നളിനിയുടെ വധശിക്ഷ തമിഴ്നാട് മന്ത്രിസഭയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടേയും അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചു ജീവപര്യന്തമാക്കി തമിഴ്നാട് ഗവര്‍ണര്‍ നേരത്തേ ഇളവുചെയ്തിരുന്നു.

Top