രാജീവ് ഗാന്ധി വധക്കേസ്; പരോളിന് അപേക്ഷിച്ച് റോബര്‍ട്ട് പയസ് മദ്രാസ് ഹൈക്കോടതിയില്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റോബര്‍ട്ട് പയസ് പരോള്‍ അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 30 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് റോബര്‍ട്ട് പയസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

നേരത്തെ കേസിലെ മറ്റൊരു പ്രതിയായ നളിനി ശ്രീഹരന് മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിനായി 51 ദിവസത്തെ പരോള്‍ കോടതി അനുവദിച്ചിരുന്നു. 30 ദിവസത്തെ പരോളായിരുന്നു നളിനിക്ക് ആദ്യം അനുവദിച്ചത്. പിന്നീട് പരോള്‍ കാലാവധി മൂന്നാഴ്ചത്തേക്കു കൂടി ഹൈക്കോടതി നീട്ടുകയായിരുന്നു.

അതേസമയം,ജയില്‍വാസം തുടങ്ങി 26 വര്‍ഷം കഴിഞ്ഞിട്ടും മോചിപ്പിക്കാത്ത സാഹചര്യത്തില്‍ 2017-ല്‍ തന്നെ ദയാ വധത്തിന് വിധേയമാക്കണമെന്നഭ്യര്‍ത്ഥിച്ച് റോബര്‍ട്ട് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ പളനിസാമിക്ക് കത്തയച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനോടടുക്കുന്ന ജയില്‍വാസം മാനസ്സികമായി തളര്‍ത്തി. ജയില്‍ മോചനം അസാധ്യമാണെന്ന് മനസ്സിലായി. ഈ സാഹചര്യത്തില്‍ ദയാവധത്തിനെങ്കിലും മനസ്സുണ്ടാകണമെന്നും റോബര്‍ട്ട് കത്തില്‍ വ്യക്തമാക്കിയിരുന്നു.

1991 മേയ് 21 ന് തമിഴ്നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ചുണ്ടായ ചാവേര്‍ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

Top