അദ്ദേഹം എന്റെ അച്ഛനല്ല, വിക്കിയില്‍ പറയുന്നത് നുണയാണ്; രജിത് മേനോന് പണി കിട്ടി

കൊച്ചി: പാലക്കാട് മെഡിക്കല്‍ കോളേജില്‍ കോളേജ് ഡേയ്ക്ക് അതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ പ്രതിഷേധം ശക്തമായിരുന്നു. അനിലിനെതിരെ നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ വന്നിരുന്നത്. മാത്രമല്ല ഇപ്പോള്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ മകനാണെന്ന് തെറ്റിദ്ധരിച്ച് പലരും സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്ന് നടന്‍ രജിത് മേനോന്‍ പറഞ്ഞു. എന്നാല്‍ തന്റെ അച്ഛന്റെ പേര് രവി മേനോന്‍ എന്നാണെന്ന് നടന്‍ വ്യക്തമാക്കി. തന്റെ വിക്കിപീഡിയയില്‍ അച്ഛന്റെ പേര് അനില്‍ രാധാകൃഷ്ണമേനോന്‍ എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും താരം പറഞ്ഞു.

നിങ്ങളുടെ അച്ഛനെയോര്‍ത്ത് ലജ്ജ തോന്നുന്നു എന്നു പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങളാണ് കൂടുതലും വരുന്നത്. തനിക്ക് അനില്‍ രാധാകൃഷ്ണമേനോനുമായി ഒരു ബന്ധവുമില്ലെന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ മാത്രം അറിയാമെന്നും ഒന്നോ രണ്ടോ പ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും രജിത് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്;

സുഹൃത്തുക്കളേ…എന്റെ അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എനിക്ക് സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് വ്യക്തത നല്‍കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. എന്റെ അച്ഛന്റെ പേര് രവി മേനോന്‍ എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനില്‍ രാധാകൃഷ്ണ മേനോന്‍ അല്ല. അനില്‍ സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല, അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയാം മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്.സത്യം, അല്ലെങ്കില്‍ യാഥാര്‍ഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകള്‍ പങ്കുവയ്ക്കുകയോ, സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാവൂ എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. വിക്കീപീഡിയയിലുള്ള ഈ തെറ്റ് കുറച്ചുദിവസങ്ങള്‍ക്കകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അവര്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഒരു വ്യക്തി എന്ന നിലയിലും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലും എനിക്ക് ഖേദമുണ്ട്.

Top