റിയാലിറ്റി ഷോ മത്സരാർത്ഥി രജിത്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

റിയാലിറ്റി ഷോ മത്സരാര്‍ഥി രജിത്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് രജിത്കുമാറിനെ കൊണ്ടുപോകുകയാണ്.

നേരത്തെ രജിത് കുമാര്‍ ഒളിവിലാണെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. പൊലീസ് അദ്ദേഹത്തിനായുള്ള തെരച്ചിലും ശക്തമാക്കിയിരുന്നു. രജിത്തിന്റെ ആലുവയിലേയും ആറ്റിങ്ങലിലെയും വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ആറ്റിങ്ങലിലെ വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് വില നല്‍കാതെ കൊച്ചി വിമാനത്താവളത്തില്‍ രജിത്തിന് വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഈ നടപടി തെറ്റായെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസില്‍ മുഖ്യപ്രതിയായ രജിത് കുമാര്‍ ഒളിവില്‍ പോകുകയായിരുന്നു.

ഷോയില്‍ നിന്ന് പുറത്തായ രജിത്ത് ചെന്നൈയില്‍ നിന്ന് ഞായറാഴ്ചയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. കൂട്ടംകൂടി ആരാധകര്‍ അദ്ദേഹത്തിന് സ്വീകരണമൊരുക്കുകയായിരുന്നു. പരിപാടിയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ എറണാകുളം ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

സംഭവത്തില്‍ പേരറിയാവുന്ന നാല് പേര്‍ക്കെതിരേയും കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരേയുമാണ് പൊലീസ് കേസെടുത്തിരുന്നത്. വിമാനത്താവളത്തിന് 500 മീറ്റര്‍ പരിധിയില്‍ പ്രകടനമോ സംഘംചേരലോ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിനും സംഘംചേര്‍ന്ന് മുദ്രവാക്യം മുഴക്കിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

രജിത് കുമാറിന്റെ ആരാധകവൃത്തത്തെ മലയാളികള്‍ മനസിലാക്കിയത് അദ്ദേഹം ഷോയില്‍ നിന്ന് പുറത്തായപ്പോഴായിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തിന് വിമാനത്താവളത്തില്‍ ഒരുക്കിയ സ്വീകരണം മലയാളികള്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ മറികടന്നാണ് ഈ പ്രഹസനം അരങ്ങേറിയത്.

Top