മതസാമുദായിക സംഘടനകളുമായി ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ട; നിര്‍ദേശങ്ങളുമായി രജനികാന്ത്

rajanikanth

ചെന്നൈ : തമിഴക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന രജനികാന്തിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് വഴിതുറന്നിരുന്നത്.

രജനികാന്തും കമല്‍ ഹസ്സനും ഒരുപോലെയാണ് രാഷ്ട്രീയ പ്രവേശനവം പ്രഖ്യാപിച്ചതെങ്കിലും രജനികാന്ത് ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നടത്തി ഏറെ മുന്നോട്ട് പോയി. എന്നാല്‍ അടിത്തറ ശക്തിപ്പെടുത്തിയതിന് ശേഷം മുന്നോട്ട് പോകാമെന്ന നിലപാടിലാണ് രജനികാന്ത്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് രജനികാന്ത് അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് നവംബറില്‍ തീരുമെന്നാണ് സൂചന.

അതേസമയം രാഷ്ടീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ ആരാധകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി രജനികാന്ത് രംഗത്ത് വന്നിരിക്കുകയാണ്. രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങളും അംഗത്വത്തിനുള്ള യോഗ്യതകളും അടങ്ങിയ ബുക്ക്‌ലെറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. മതസാമുദായിക സംഘടനകളുടെ ചുമതല വഹിക്കുന്നവര്‍ക്ക് മക്കള്‍ മണ്‍ട്രത്തില്‍ പ്രവര്‍ത്തിക്കാനാവില്ല എന്നതാണ് ഇതിലെ പ്രധാന നിര്‍ദേശം.

rajani

പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. വാഹനങ്ങളില്‍ സംഘടനയുടെ കൊടി ഉപയോഗിക്കരുത്. പ്ലാസ്റ്റിക്ക് നിര്‍മിത കൊടിതോരണങ്ങള്‍ പാടില്ല. കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമേ ഭാരവാഹിത്വം ലഭിക്കുകയുള്ളൂ എന്നിങ്ങനെപോകുന്നു മറ്റ് നിര്‍ദേശങ്ങള്‍.

സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണം. എതിരഭിപ്രായം ഉള്ളവരെ അക്രമിക്കരുത്. യുവജന വിഭാഗത്തിന്റെ പ്രായ പരിധി മുപ്പത്തിയഞ്ച് വയസാണ്. രാജ്യത്തെ നിയമ വ്യവസ്ഥിതി അംഗീകരിക്കണം. നേതൃത്വത്തിന്റെ തീരുമാനം അന്തിമമായിരിക്കും തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.

സമൂഹ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടന ഭാരവാഹികള്‍ക്കും പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കമല്‍ ഹാസനും നേരത്തെ പുറപ്പെടുവിച്ചിരുന്നു.

Top