ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തിന് അത്യന്താപേക്ഷിതം; പിന്തുണച്ച് രജനീകാന്ത്

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം അരങ്ങേറുമ്പോള്‍ നിയമത്തെ അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ രജനീകാന്ത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത് പിന്നാലെയാണ് പൗരത്വ നിയമത്തിന് അനുകൂല പ്രതികരണം നടത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുതെന്ന് പറഞ്ഞ രജനീകാന്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്നും പറഞ്ഞു.ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ലെന്നും മുസ്ലീ സമൂഹത്തെ തെറ്റിധരിപ്പിക്കുകയാണെന്നുമായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

എന്‍പിആറിനെതിരെ എന്തിനാണ് സമരം നടത്തുന്നതെന്ന് അറിയില്ല. നേരത്തെ കോണ്‍ഗ്രസ് നടപ്പിലാക്കിയതാണ് എന്‍പിആറെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രജനീകാന്തിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. ഒരു കോടി രൂപയില്‍ താഴെയുള്ള കേസുകളില്‍ നടപടി വേണ്ടെന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

Top