ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി രജനികാന്ത്

മിഴ് സൂപ്പര്‍താരം രജനീകാന്ത് രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം സ്വീകരിച്ചു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് പുരസ്‌കാരം നല്‍കിയത്. ഈ പുരസ്‌കാരം തന്റെ ഗുരുവായ കെ ബാലചന്ദറിന് സമര്‍പ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 50 വര്‍ഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്‌കാരം. മോഹന്‍ലാലും ശങ്കര്‍ മഹാദേവനും അടങ്ങുന്ന അഞ്ചംഗ ജൂറിയാണ് പുരസ്‌കാരത്തിനായി നടനെ തെരഞ്ഞെടുത്തത്. 1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായി പുരസ്‌കാരം നേടുന്ന ദക്ഷിണേന്ത്യന്‍ നടനാണ് രജനികാന്ത്. 2000ത്തില്‍ പദ്മ ഭൂഷണും 2016ല്‍ പദ്മ വിഭൂഷണും നല്‍കി രാജ്യം രജനികാന്തിനെ ആദരിച്ചിട്ടുണ്ട്.

1950ല്‍ കര്‍ണാടകയിലാണ് രജനികാന്ത് ജനിച്ചത്. ശിവാജി റാവു എന്നാണ് യഥാര്‍ത്ഥ പേര്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൂലിയായും ബസ് കണ്ടക്ടറായും ഉള്‍പ്പടെ നിരവധി തൊഴിലുകള്‍ അദ്ദേഹം ചെയ്തു. ആ കാലത്തണ് അദ്ദേഹം മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയ പഠനത്തിന് ചേര്‍ന്നത്. പഠന കാലത്തെ അദ്ദേഹത്തിന്റെ പ്രകടനം കണ്ട സംവിധായകന്‍ കെ ബാലചന്ദര്‍ തമിഴ് പഠിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബാലചന്ദറിന്റെ അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തമിഴ് ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷങ്ങള്‍ ചെയ്തു. ഐവി ശശി സംവിധാനം ചെയ്ത അലാവുദ്ധീനും അത്ഭുത വിളക്കും എന്ന സിനിമയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചു. 1970കളുടെ അവസാനത്തോടെ അമിതാഭ് ബച്ചന്റെ നിരവധി ചിത്രങ്ങളുടെ തമിഴ് റീമേക്കുകളില്‍ അദ്ദേഹം അഭിയനയിച്ചു. ഡോണിന്റെ റീമേക്കായ ബില്ല, അമര്‍ അക്ബര്‍ അന്തോണിയുടെ റീമേക്കായ ശങ്കര്‍ സൈമണ്‍ സലിം എന്നീ ചിത്രങ്ങള്‍ അതില്‍ ഉള്‍പെടും. ബില്ല അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വിജയമായി മാറുകയും ചെയ്തു.

1980കളുടെ തുടക്കത്തോടെ രജനികാന്ത് എന്ന സൂപ്പര്‍താരത്തിന്റെ വളര്‍ച്ചയാണ് തമിഴ് സിനിമ കണ്ടത്. 1991ല്‍ മഹാഭാരത്തിലെ കര്‍ണന്റെയും ദുരിയോധനന്റെയും ബന്ധത്തെ ആസ്പദമാക്കി മണിരത്‌നം ഒരുക്കിയ ദളപതിയിലെ രജനികാന്തിന്റെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തിയത് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയാണ്. 1993ല്‍ രജനികാന്ത് ആദ്യമായി തിരക്കഥ എഴുതിയ ചിത്രം വല്ലി പുറത്തിറങ്ങി. ചിത്രത്തില്‍ അഥിതി താരമായി അദ്ദേഹം അഭിനയിക്കുകയും ചെയ്തു. 1995ല്‍ സംവിധായകന്‍ സുരേഷ് കൃഷ്ണയ്‌ക്കൊപ്പം ഒന്നിച്ച ബാഷ എന്ന ചിത്രം തമിഴിലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിക്കുകയും ട്രെന്‍ഡ് സ്റ്റെര്‍ ആവുകയും ചെയ്തു.

2005ല്‍ മലയാളം സിനിമയായ മണിച്ചിത്രത്താഴിന്റെ റീമേക്കായി ഒരുക്കിയ ചന്ദ്രമുഖി രണ്ട് വര്‍ഷത്തില്‍ അധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും തമിഴിലെ ഏറ്റവും അധികം നാള്‍ പ്രദര്‍ശനം നടത്തിയ സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. ചിത്രം ജര്‍മന്‍, ടര്‍ക്കിഷ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തു. 2010ല്‍ ശങ്കറിനൊപ്പം ഒരുക്കിയ സയന്‍സ് ഫിക്ഷന്‍ ചിത്രം എന്തിരന്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറി.

ചിത്രത്തിന് താരത്തിന്റെ പ്രതിഫലം 45 കോടി രൂപയായിരുന്നു. 2011ല്‍ അസുഖങ്ങള്‍ മൂലം ആശുപത്രി ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് 2013ലാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. 2016ല്‍ പുറത്തിറങ്ങിയായ പാ രഞ്ജിത്ത് ചിത്രം കബാലി മികച്ച നിരൂപക പ്രശംസ നേടി. സിരുത്തെ ശിവ ഒരുക്കുന്ന അണ്ണാത്തേയിലാണ് അദ്ദേഹം ഇപ്പോള്‍ അഭിയനയിക്കുന്നത്.

 

Top