Rajinikanth-Pa.Ranjith combo under Dhanush’s production soon

ബോക്‌സ് ഓഫീസില്‍ തരംഗമായി തീര്‍ന്ന കബാലിക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു.

രജനിയുടെ മരുമകനും തമിഴ് സൂപ്പര്‍താരവുമായ ധനുഷാണ് ഇരുവരും ഒന്നിക്കുന്ന വിവരം പുറത്തുവിട്ടത്. വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്നലെ വൈകിട്ട് തന്റെ ട്വിറ്ററിലൂടെ ധനുഷ് പുതിയ ചിത്രം അനൗണ്‍സ് ചെയ്തതിന് പിന്നാലെ കബാലിയുടെ രണ്ടാം ഭാഗമാണ് ചിത്രീകരിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കബാലിയിലെ നെരുപ്പ് ഡാ എന്ന പാട്ട് ഉള്‍പ്പെടെയാണ് ധനുഷ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.


ഈ പാട്ടാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. കബാലിയുടെ ക്ലൈമാക്‌സ് ഓപ്പണ്‍ എന്‍ഡഡാണ്. വെടിയൊച്ച കേള്‍ക്കുന്നതല്ലാതെ കബാലീശ്വരന്‍ കൊല്ലപ്പെട്ടതായോ വെടിയേറ്റതായോ ക്ലൈമാക്‌സിലില്ല.

രണ്ടാം ഭാഗം സിനിമ ചിത്രീകരിക്കാനുള്ള സാധ്യത ഇവിടെ ബാക്കിയാക്കിയാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നതും.

ശങ്കര്‍ ചിത്രം എന്തിരന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന് ശേഷമായിരിക്കും രഞ്ജിത്തിന്റെ സെറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എത്തുന്നത്. കബാലിയുടെ രണ്ടാം ഭാഗമായിരിക്കുമോ എന്ന സംശയം നിലനില്‍ക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ നടത്തുന്ന ആളുകള്‍ കബാലിയുടെ രണ്ടാം ഭാഗം ആഗ്രഹിക്കുന്നില്ല.

രജനീകാന്തിനെ അതിമാനുഷികനായി ചിത്രീകരിക്കാത്ത പുതിയൊരു തിരക്കഥ പാ രഞ്ജിത്ത് ഒരുക്കണമെന്നാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.

പ്രതീക്ഷയുടെ അമിതഭാരവുമായി എത്തിയ കബാലി റെക്കോര്‍ഡ് കളക്ഷന്‍ നേടിയെങ്കിലും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ സമ്മിശ്രമായിരുന്നു. എന്തായാലും രജനിയുടെ അടുത്തചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ആരംഭിച്ചുകഴിഞ്ഞു.

Top