രാഷ്ട്രീയത്തിലേക്കില്ല; പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി രജനീകാന്ത്

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറി. ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താന്‍ ഈ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പ്രസ്താവനയിലൂടെ പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് താരത്തിന്റെ വിശദീകരണം. കടുത്ത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കും. തന്റെ ആരോഗ്യനില, ദൈവത്തില്‍ നിന്ന് തനിക്കുള്ള മുന്നറിയിപ്പായി കാണുന്നു. കടുത്ത നിരാശയോടെ രാഷ്ട്രീയപ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നു – എന്ന് രജനി.

രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് നടക്കുമെന്നാണ് നേരത്തേ താരം തന്നെ വ്യക്തമാക്കിയത്. ജനുവരിയില്‍ സജീവ പ്രവര്‍ത്തനം തുടങ്ങുമെന്നും തമിഴ്‌നാട്ടില്‍ അത്ഭുതം സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

Top