കാവേരി വിഷയത്തിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലും ഉണ്ടാകണമെന്ന് രജനീകാന്ത്

CauveryMangementBoard

ചെന്നൈ: കാവേരി വിഷയത്തിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലും ഉണ്ടാകണമെന്ന് തമിഴ് നടന്‍ രജനീകാന്ത്. ഐപിഎല്‍ കളിക്കാനുള്ള സമയമല്ല ഇത്. ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങണമെന്നും രജനീകാന്ത് പറഞ്ഞു. തമിഴ് ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മയുടെ ഉപവാസ സമരവേദിയിലാണ് രജനീകാന്തിന്റെ വിശദീകരണം.

കാവേരി അന്തര്‍സംസ്ഥാന നദീജല തര്‍ക്കത്തെതുടര്‍ന്ന് കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ് സിനിമാ മേഖലയിലുള്ളവര്‍ രാവിലെ ഒന്‍പത് മണി മുതലാണ് ഉപവാസം തുടങ്ങിയത്. ഒരുമണി വരെ ഉപവാസം തുടരും. രജനീകാന്തും കമല്‍ഹസാനുമടക്കം നിരവധി പ്രമുഖ നടീനടന്മാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

തെന്നിന്ത്യന്‍ നടികര്‍ സംഘം, നിര്‍മ്മാതാക്കളുടെ കൂട്ടായ്മ, പെപ്‌സി കൂട്ടായ്മ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. നടന്‍ വിശാല്‍, കാര്‍ത്തി, പൊന്‍വണ്ണന്‍, ശിവകാര്‍ത്തികേയന്‍, ശിവകുമാര്‍, സൂര്യ, സെന്തില്‍, പശുപതി, വയ്യാപുരി, പ്രശാന്ത്, പാര്‍ത്ഥിപന്‍, മന്‍സൂര്‍ അലി ഖാന്‍, ധനുഷ്, സത്യരാജ്, എസ്.ജെ സൂര്യ, തമ്പി രാമയ്യ, ശക്തി, ആര്‍ത്തി, രേഖ, ധന്‍ഷിക, പിസി ശ്രീറാം, എസ്.എ ചന്ദ്രശേഖര്‍, കലൈപുലി എസ് താണു തുടങ്ങിയ നിരവധിപ്പേരാണ് പ്രതിഷേധത്തില്‍ ഉള്ളത്.

Top