നടനായതുകൊണ്ടു മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ല, തീരുമാനിക്കുന്നത് ജനങ്ങളാണ് ;രജനീകാന്ത്

rajani-kamal

ചെന്നൈ: നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്ന് തമിഴ്‌നടന്‍ രജനീകാന്ത്.

രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ചേരുവ തീരുമാനിക്കുന്നത് ജനങ്ങളാണെന്നും രജനീകാന്ത് പറഞ്ഞു.

നടന്‍ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നടന്‍ കമല്‍ഹാസനും ചടങ്ങിനെത്തിയിരുന്നു.

ഇരുവരുടേയും രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുന്നതിനിടെയാണ് തമിഴിലെ സൂപ്പര്‍ താരങ്ങള്‍ വേദി പങ്കിട്ടത്.

പേരോ പ്രശസ്തിയോ പണമോ ഉപയോഗിച്ച് രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്ന് രജനീകാന്ത് ചൂണ്ടിക്കാട്ടി. അതിനേക്കാള്‍ പ്രധാനമാണ് ഒരു നടനെ രാഷ്ട്രീയക്കാരനാക്കി പരിവര്‍ത്തനപ്പെടുത്തുന്ന ഘടകങ്ങള്‍. ഒരു പക്ഷേ കമല്‍ഹാസന് അത് അറിയാമായിരിക്കുമെന്നും രജനീകാന്ത് പറഞ്ഞു.

രണ്ടു മാസം മുന്‍പ് ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹമത് ഞാനുമായി പങ്കുവച്ചേനെ. ഇപ്പോള്‍ അതേ ചോദ്യം ഞാന്‍ ഉയര്‍ത്തുമ്പോള്‍, കൂടെ വരൂ, പറഞ്ഞു തരാം എന്നാണ് കമലിന്റെ മറുപടിയെന്നും രജനീകാന്ത് അറിയിച്ചു.

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വമാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

നേരത്തെ, ചെന്നൈ കാമരാജര്‍ ശാലയില്‍ സ്ഥാപിച്ചിരുന്ന ശിവാജി ഗണേശന്റെ പ്രതിമ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അവിടെ നിന്ന് നീക്കിയിരുന്നു.

2016 ഓഗസ്റ്റ് നാലിനായിരുന്നു ഇത്. ഈ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് പുതിയ സ്മാരകം നിര്‍മ്മിച്ചത്. 28,300 ചതുരശ്ര അടി വലുപ്പമുള്ളതാണ് പുതിയ സ്മാരകം.

Top