എല്ലാ കണ്ണുകളും യുവ താരങ്ങളിലേക്ക്, തമിഴകത്തിന്റെ ‘തലവര’മാറ്റാൻ കരുനീക്കം !

മിഴക രാഷ്ട്രീയത്തില്‍ വീണ്ടുമൊരു ട്വിസ്റ്റ്. രജനിയും കമലും ഒന്നിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഉഷാറായിരിക്കുന്നത് ദ്രാവിഡ പാര്‍ട്ടികളാണ്.

ജയലളിതയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നടന്‍ അജിത്തിനായി അണ്ണാ ഡി.എം.കെയാണ് വലവിരിച്ചിരിക്കുന്നത്. അജിത്ത് മുന്നില്‍ നിന്നും നയിക്കണമെന്ന ആവശ്യമാണ് അണികളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ഗ്രൂപ്പുകള്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണുള്ളത്. വാഷ് ഔട്ടായി പോകുന്നതിലും നല്ലത് ‘തല’യുടെ മുന്നില്‍ തല താഴ്ത്തുന്നതാണ് നല്ലതെന്ന വികാരമാണ് ഇരു വിഭാഗങ്ങള്‍ക്കുമുള്ളത്. ജയലളിത മന്ത്രിസഭയില്‍ അംഗമായ വ്യക്തി തന്നെയാണ് അജിത്തിനായി നിലവില്‍ ഇടപെടല്‍ നടത്തിവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല. പൊതുവെ രാഷ്ട്രീയത്തോട് മുഖം തിരിക്കുന്ന സമീപനമാണ് അജിത്തിനുള്ളത്.

ജയലളിതയുടെ മരണശേഷം പിന്‍ഗാമി അജിത്താണ് എന്ന തരത്തില്‍ വ്യാപകമായി വാര്‍ത്തയും മുമ്പ് പ്രചരിച്ചിരുന്നു. തലൈവി മരണപ്പെടുമ്പോള്‍ വിദേശത്തായിരുന്ന അജിത്ത് ഷൂട്ടിങ്ങ് റദ്ദാക്കിയാണ് ചെന്നൈയില്‍ കുതിച്ചെത്തിയിരുന്നത്. ഇതാണ് അഭ്യൂഹം ശക്തമാകാന്‍ കാരണമായിരുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിപ്പോയെങ്കിലും നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ അണ്ണാ ഡി.എം.കെക്ക് കഴിഞ്ഞിരുന്നു.ഈ ആത്മവിശ്വാസത്തെ തകര്‍ക്കുന്നതാണ് രജനിയുടെ ഇപ്പോഴത്തെ നീക്കം.

കമല്‍ഹാസനുമായി സഖ്യമാകാനുള്ള സാധ്യത തള്ളാതെയുള്ള സൂപ്പര്‍ സ്റ്റാറിന്റെ പ്രതികരണത്തെ ഗൗരവമായാണ് ഭരണപക്ഷം നോക്കി കാണുന്നത്. രജനിയും കമലും ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ തരംഗമായി അത് മാറുമെന്നതാണ് ഭയം. ഇതേ ഭയം പ്രതിപക്ഷമായ ഡി.എം.കെയ്ക്കുമുണ്ട്. അവരും പ്രചരണത്തിന് സൂപ്പര്‍ താരങ്ങളെയാണ് ലക്ഷ്യമിടുന്നത്.

അജിത്തിന് പുറമെ നടന്‍ വിജയ്, സൂര്യ, വിജയ് സേതുപതി മുതല്‍ നടി നയന്‍താര വരെ രാഷ്ട്രീയ പാര്‍ട്ടികളുടെ ലിസ്റ്റിലുണ്ട്. അജിത്തിന് വേണ്ടി അണ്ണാ ഡി.എം.കെ പിടിമുറുക്കുമ്പോള്‍ മറ്റു താരങ്ങള്‍ക്ക് പിന്നാലെ പോകുന്നത് ഡി.എം.കെയാണ്.മത്സരിച്ചില്ലങ്കിലും താരങ്ങളെ പ്രചരണത്തിന് ഇറക്കുവാന്‍ പറ്റുമോ എന്ന കാര്യമാണ് ഡി.എം.കെ പ്രധാനമായും നോക്കുന്നത്. ഭരണ – പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ വടം വലിയില്‍ ധര്‍മ്മ സങ്കടത്തിലായിരിക്കുന്നത് സൂപ്പര്‍ താരങ്ങളാണ്. രാഷ്ട്രീയ നേതൃത്വങ്ങളെ എതിരാക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ പിടി കൊടുക്കാതെയാണ് ഇവരില്‍ പലരും ഒഴിഞ്ഞുമാറുന്നത്.

അതേ സമയം രജനിയും കമലും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പിന്‍തുണക്കണമെന്ന നിലപാടും താരങ്ങള്‍ക്കിടയില്‍ ശക്തമാണ്.
ദളപതി വിജയ് ആണ് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് തന്നെയാണ് ഈ സഖ്യ സാധ്യത നിര്‍ദ്ദേശവും മുന്നോട്ട് വച്ചിരിക്കുന്നത്. വിജയ് പരസ്യമായി ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചാല്‍ ഭൂരിപക്ഷ താരങ്ങളും അതേ പാതയില്‍ പോകാനാണ് സാധ്യത.

ജയലളിതക്കു ശേഷം സിനിമാ രംഗത്ത് നിന്നൊരു മുഖ്യമന്ത്രി എന്ന വികാരവും തമിഴ് സിനിമാ മേഖലയില്‍ നിലവില്‍ ശക്തമാണ്. രജനിക്കും കമലിനും ഇത്തവണത്തെ ഊഴം വിട്ടുകൊടുത്ത് അടുത്ത തവണ ഒരു കൈ നോക്കാനാണ് ദളപതിയുടെ നീക്കം. 2021ലെ തിരഞ്ഞെടുപ്പില്‍ വിജയ് യുടെയും അജിത്തിന്റെയും പിന്തുണ രജനി മാത്രമല്ല കമലും ശരിക്കും ആഗ്രഹിക്കുന്നുണ്ട്. ലക്ഷക്കണക്കിന് അനുയായികളാണ് ഈ താരങ്ങള്‍ക്കെല്ലാം തമിഴകത്തുള്ളത്. ഒറ്റക്കെട്ടായി നിന്നാല്‍ തമിഴകം തൂത്ത് വാരാന്‍ ഈ സഖ്യത്തിന് കഴിയുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സിനിമ, രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പാരമ്പര്യമുള്ളതിനാല്‍ തമിഴകത്ത് അത് സാധ്യവുമാണ്.

നടി നയന്‍താരയും രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടത്തി വരുന്നത്. അവരുടെ സിനിമ സെലക്ഷന്‍ തന്നെ ജനഹൃദയങ്ങളില്‍ ഇടം നേടുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ളതാണ്. എം.ജി.ആര്‍, ജയലളിതയെ കൈ പിടിച്ച് കൊണ്ടുവന്നത് പോലെ നയന്‍താരയെ ആര് കൊണ്ടുവരുമെന്നതാണ് ഇനി കണ്ടറിയേണ്ടിയിരിക്കുന്നത്.

രജനി, വിജയ്, അജിത്ത് എന്നിവരുമായി വളരെ അടുത്ത ബന്ധമാണ് നയന്‍സിനുള്ളത്. ഡി.എം.കെ തലവന്‍ എം.കെ സ്റ്റാലിന്റെ മകന്‍ ഉദയനിധിയും നയന്‍സിന്റെ അടുത്ത സുഹൃത്താണ്. നയന്‍താരയെ ഡി.എം.കെ.യുടെ ഭാഗമാക്കാന്‍ ചരട് വലിക്കുന്നത് നടന്‍ കൂടിയായ ഉദയനിധിയാണ്. മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന സ്റ്റാലിന്റെ അനുഗ്രഹാശംസകളോടെയാണ് ഈ കരുനീക്കം.

സിനിമാ മേഖലയിലെ തന്റെ ബന്ധം ഉപയോഗിച്ച് മറ്റു താരങ്ങളെയും ഒപ്പം നിര്‍ത്താന്‍ ഉദയനിധി സ്റ്റാലിന്‍ അണിയറയില്‍ ശ്രമിക്കുന്നുണ്ട്. ഒപ്പം നിന്നില്ലങ്കിലും വിജയ്, അജിത്ത്, വിജയ് സേതുപതി, സൂര്യ എന്നിവര്‍ എതിരായി വരരുതെന്നാണ് ഡി.എം.കെ നേതൃത്വം ആഗ്രഹിക്കുന്നത്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി താരങ്ങള്‍ക്കെല്ലാം നിലപാട് പ്രഖ്യാപിക്കേണ്ട തിരഞ്ഞെടുപ്പാണ് ഇനി വരാന്‍ പോകുന്നത്.

രജനി – കമല്‍ സഖ്യം വേണമെന്ന് സിനിമാ ലോകം ആഗ്രഹിക്കുന്നത് പോലും ഒറ്റക്കെട്ടായ ഒരു നിലപാട് സ്വീകരിക്കുന്നതിനു വേണ്ടിമാത്രമാണ്. ഈ നീക്കം തടയാനാണ് ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോള്‍ അണിയറയില്‍ തന്ത്രങ്ങള്‍ പയറ്റികൊണ്ടിരിക്കുന്നത്. താരങ്ങളെ വരുതിയിലാക്കുന്ന കാര്യത്തില്‍ ബി.ജെ.പിക്കും ഇനി കാര്യമായ റോളുണ്ടാകും.കേന്ദ്ര ഭരണം കയ്യാളുന്ന പാര്‍ട്ടിയെ വെറുപ്പിക്കാന്‍ തയ്യാറാകാത്ത ഒരു വിഭാഗം ഇപ്പോള്‍ തന്നെ സിനിമാരംഗത്തുണ്ട്.

ദളപതി വിജയ് യെ പോലെ ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് മുഖം നോക്കാതെ നടപടി സ്വീകരിക്കാറുള്ളത്. പലവട്ടം കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചാണ് വിജയ് രംഗത്ത് വന്നിരുന്നത്. മെര്‍സല്‍ സിനിമയിലെ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയും രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്. അണ്ണാ ഡി.എം.കെക്കും ബി.ജെ.പി രാഷ്ട്രീയത്തിനും എതിരായിട്ടുള്ളതാണ് നിലവില്‍ വിജയ് യുടെ നിലപാട്.

ബി.ജെ.പിയുമായി സഖ്യമാകാതെ മത്സരിക്കാനുള്ള രജനിയുടെ തീരുമാനവും തന്ത്രപരമാണ്. കാവി രാഷ്ട്രിയത്തിന് ദ്രാവിഡ മണ്ണില്‍ വളക്കുറില്ലന്ന് തിരിച്ചറിഞ്ഞായിരുന്നു ഈ ചുവട് മാറ്റം.ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണയുള്ള കമല്‍ കൂടി ഒപ്പം ചേര്‍ന്നാല്‍ അത് ഗുണകരമാകുമെന്നാണ് സൂപ്പര്‍ സ്റ്റാര്‍ കണക്ക് കൂട്ടുന്നത്.

Political Reporter

Top