വാക്ക് പാലിച്ച് സൂപ്പര്‍സ്റ്റാര്‍ ; ഹീറോ ആക്കിയ നിർമാതാവിന്‌ ഒരു കോടിയുടെ വീട് സമ്മാനിച്ചു

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആദ്യമായി നായകനായ ‘ഭൈരവി’യെന്ന ചിത്രത്തിന്റെ നിർമാതാവിന്‌ ഒരു കോടിയുടെ വീട് സമ്മാനിച്ചിരിക്കുകയാണ് രജനികാന്ത്. സ്വന്തമായി ഒരു വീടു പോലുമില്ലാത്ത നിര്‍മാതാവ് കലൈജ്ഞാനത്തിന്റെ അവസ്ഥ നടന്‍ ശിവകുമാറില്‍ നിന്നും അറിഞ്ഞതോടെയായിരുന്നു രജനീകാന്ത് വീട് വാങ്ങി നല്‍കിയത്.’ഭൈരവി’യുടെ കഥയും കലൈജ്ഞാനത്തിന്റേതായിരുന്നു.

1975 ല്‍ കെ. ബാലചന്ദറിന്റെ ‘അപൂര്‍വ്വരാഗങ്ങള്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച രജനികാന്തിന്റെ ആദ്യ സോളോ നായക ചിത്രമായിരുന്നു എം. ഭാസ്‌കര്‍ സംവിധാനം ചെയ്ത ‘ഭൈരവി’. ‘ഭൈരവി’യുടെ വിജയത്തിന് ശേഷമാണ് രജനികാന്തിന് സൂപ്പര്‍സ്റ്റാര്‍ പരിവേഷം ലഭിച്ചു തുടങ്ങിയത്.

അടുത്തിടെ ചെന്നൈയില്‍ കലൈജ്ഞാനത്തെ ആദരിക്കുന്ന ഒരു ചടങ്ങ് നടന്നിരുന്നു. പരിപാടിയില്‍ വാര്‍ധക്യസഹജമായ അവശതകളോടെ കലൈജ്ഞാനം വാടകവീട്ടിലാണ് താമസിക്കുന്നതെന്ന് നടന്‍ ശിവകുമാര്‍ വെളിപ്പെടുത്തി. വേദിയില്‍ രജനികാന്തും ഉണ്ടായിരുന്നു. വേദിയിലുണ്ടായിരുന്ന മന്ത്രി കടമ്പൂര്‍ രാജു കലൈജ്ഞാനത്തിന് വീട് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് അറിയിച്ചുവെങ്കിലും ആ കാര്യം താന്‍ ഏറ്റെടുക്കുന്നൂവെന്ന് രജനികാന്ത് അറിയിക്കുകയായിരുന്നു.

തങ്കത്തിലെ വൈരം, മിരുതംഗ ചക്രവര്‍ത്തി, ഇലഞ്ചോഡിഗള്‍, കാതല്‍ പടുത്തും പാട്, അന്‍പൈ തേടി തുടങ്ങിയ ചിത്രങ്ങളുടെ കഥയും കലൈജ്ഞാനത്തിന്റേതായിരുന്നു. ചെന്നൈ വിരുഗംപാക്കത്തിലാണ് രജനികാന്ത് ഫ്‌ലാറ്റ് നല്‍കിയിരിക്കുന്നത്. മഹാനവമി ദിനത്തില്‍ താരം തന്നെ വീട്ടിലെത്തി ഭദ്രദീപം കൊളുത്തി താക്കോല്‍ ദാനം നിര്‍വഹിച്ചു.

Top