രജനി നല്‍കിയത് 50 ലക്ഷം, വിജയ് ഒന്നര കോടി നല്‍കി, തര്‍ക്കം, അടി, പിന്നെ കൊല !

ചെന്നൈ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താരങ്ങള്‍ നല്‍കിയ സംഭാവനയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ആരാധകന് ദാരുണാന്ത്യം. കൂടുതല്‍ സംഭാവന നല്‍കിയത് രജനീകാന്താണോ വിജയ് ആണോ എന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവാവ് കൊല്ലപ്പെട്ടത്.

രജനീകാന്തിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയത് വിജയ് ആണെന്ന് വാദിച്ച യുവരാജ് (22)എന്ന യുവാവിനാണ് ദാരുണാന്ത്യം. സംഭവത്തില്‍ കടുത്ത രജനീകാന്ത് ആരാധകനായ ദിനേഷ് ബാബു (22) പൊലീസ് കസ്റ്റഡിയിലാണ്. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് സംഭവം അരങ്ങേറിയത്.

അടുത്ത സുഹൃത്തുക്കളായ ഇരുവരും ഇന്നലെ വൈകുന്നേരം ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ താരങ്ങള്‍ നല്‍കിയ സംഭാവനയുടെ കാര്യം ചര്‍ച്ചയായത്. ഇതു പിന്നീട് തര്‍ക്കത്തിലേക്കു വഴിമാറി. വഴക്ക് രൂക്ഷമായതോടെ ദിനേഷ് ബാബു വിജയ് ആരാധകനായ യുവരാജിനെ പിടിച്ചു തള്ളുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവരാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

പൊലീസ് സ്ഥലത്തെത്തി യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. കൊല നടത്തിയ ദിനേഷ് ബാബുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചലച്ചിത്ര താരം വിജയ് കഴിഞ്ഞ ദിവസം 1.30 കോടി രൂപ വിവിധ ദുരിതാശ്വാസ നിധികളിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇതില്‍ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് നിധിയിലേക്ക് 25 ലക്ഷവും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയുമാണ് നല്‍കിയത്. തമിഴ് സിനിമാ സംഘടനയായ ഫെഫ്‌സിയിലേക്ക് 25 ലക്ഷം നല്‍കി. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷവും കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ചു ലക്ഷം രൂപ വീതവും നല്‍കി. അതേസമയം, രജനീകാന്ത് 50 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

Top