രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയത് അമിതാഭ് ബച്ചന്റെ എതിർപ്പ് മറികടന്ന്

രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള സൂപ്പർസ്റ്റാറിൻ്റെ തീരുമാനം സാക്ഷാൽ, ബിഗ് ബിയുടെയും വാക്കുകൾ ധിക്കരിച്ച്.രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന് ശരിക്കും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നത് അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തായ അമിതാഭ് ബച്ചനായിരുന്നു. രജനി ഇക്കാര്യത്തിൽ മുൻ കാലങ്ങളിൽ അഭിപ്രായം തേടിയിരുന്നതും പ്രധാനമായും ബച്ചനോട് തന്നെയായിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഇപ്പോഴത്തെ രജനിയുടെ ഇമേജ് തന്നെ നഷ്ടമാകുമെന്ന ആശങ്കയാണ് ബച്ചൻ പങ്കുവച്ചിരുന്നത്.രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നപ്പോൾ പോലും അമിതാഭ്ബച്ചൻ രാഷ്ട്രീയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

രാഷ്ട്രീയത്തിന് അതീതരായിരിക്കണം സിനിമാ താരങ്ങളെന്ന കാഴ്ചപ്പാടാണ് ബിഗ് ബിയെ അന്നും ഇന്നും നയിക്കുന്നത്.രജനിയുടെ രാഷ്ട്രീയ പ്രവേശനം നീട്ടി കൊണ്ടു പോകുന്നതിൽ അമിതാഭ് ബച്ചൻ്റെ ഈ നിലപാട് വലിയ പങ്കാണ് വഹിച്ചിരുന്നത്. എന്നാൽ ഒടുവിൽ, കാവിപ്പട വിരിച്ച ‘വലയിൽ’ സൂപ്പർസ്റ്റാറും കുടുങ്ങിപ്പോയിരിക്കുകയാണ്. രജനിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തെ നിസഹായതയോടെയാണ് ബച്ചനിപ്പോൾ നോക്കി നിൽക്കുന്നത്.

സിനിമാ രംഗത്ത് രജനീകാന്തിനെ സംബന്ധിച്ച്  ബച്ചൻ കഴിഞ്ഞേ മറ്റൊരു സുഹൃത്തൊള്ളൂ. ബ്രഹ്മാണ്ട സംവിധായകൻ ശങ്കർ രജനിയെ നായകനാക്കി അണിയിച്ചൊരുക്കിയ ‘യന്തിരൻ’ സിനിമയിൽ  നായികയായി ഐശ്വര്യറായിയെ ലഭിച്ചത് അമിതാഭ് ബച്ചൻ്റെ ഇടപെടലിനെ തുടർന്നായിരുന്നു. തൻ്റെ മരുമകൾ സുഹൃത്തിൻ്റെ നായികയായി അഭിനയിക്കുന്നതിനെ അഭിമാനമായാണ് ബിഗ്ബി കണ്ടിരുന്നത്.ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി ഇറങ്ങിയ യന്തിരൻ ബോളിവുഡിൽ പോലും വലിയ തരംഗമാണ് സൃഷ്ടിച്ചിരുന്നത്. ഇന്ത്യൻ സിനിമയിലെ പ്രമുഖർക്കൊപ്പം, ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ധരും ഒന്നിച്ച സിനിമ കൂടിയായിരുന്നു.

അത് ഒരു പ്രാദേശിക ഭാഷയിലെ സൂപ്പർസ്റ്റാർ എന്നതിൽ നിന്നും ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച രജനിയുടെ വളർച്ച അമിതാഭ് ബച്ചനെ പോലും ശരിക്കും അത്ഭുതപ്പെടുത്തിയ കാര്യമാണ്. രജനി സുഹൃത്താണെന്ന് പറയുന്ന കാര്യത്തിലും വലിയ ആവേശമാണ് ബച്ചൻ പ്രകടിപ്പിക്കാറുള്ളത്. തിരിച്ച് രജനിയും വലിയ ബഹുമാനത്തോടെയും ആരാധനയോടെയുമാണ് ബച്ചനോടും പെരുമാറിയിരുന്നത്.ഇവർക്കിടയിലെ ഈ സൗഹൃദം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ ഉലച്ചിൽ തട്ടുമോ എന്നതാണ് ചലച്ചിത്ര ലോകവും ഇപ്പോൾ ഉറ്റുനോക്കുന്നത്. അതേസമയം, നിലപാടിൽ ഉറച്ചു നിൽക്കുമെങ്കിലും രജനിയുമായുള്ള സൗഹൃദം ശക്തമായി തന്നെ തുടരാനാണ് അമിതാഭ് ബച്ചൻ്റെ തീരുമാനം.

സിനിമയും താരങ്ങളുമെല്ലാം, രാഷ്ട്രീയത്തെ ഏറെ സ്വാധീനിക്കുന്ന സംസ്ഥാനമാണ് തമിഴ് നാട്, എം.ജി.രാമചന്ദ്രനും, ജയലളിതയും മുഖ്യമന്ത്രിമാരായത് തന്നെ ഈ സ്വാധീനം ഉപയോഗപ്പെടുത്തിയാണ്. എന്തിനേറെ, കടുത്ത നിരീശ്വരവാദിയായ മുൻ മുഖ്യമന്ത്രി കരുണാനിധി പോലും, സിനിമാരംഗത്ത് സജീവ സാന്നിധ്യമായ വ്യക്തിത്വമാണ്. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾക്കാണ് അദ്ദേഹം തിരക്കഥ എഴുതിയിട്ടുള്ളത്. ഇതിനകം തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങിയ നടൻ കമൽഹാസൻ അറിയപ്പെടുന്നത് തന്നെ ഉലകനായകനെന്നാണ്. ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തോടെ ശൂന്യമായ കസേര ലക്ഷ്യമിട്ടാണ് രജനിയും കമലും കളത്തിലിറങ്ങിയിരിക്കുന്നത്.ഇവരുടെ പാർട്ടികൾ യോജിച്ച് മത്സരിക്കണമെന്ന ആവശ്യം ആരാധകർക്കുണ്ടെങ്കിലും അത് എത്രമാത്രം സാധ്യമാകുമെന്നത് കണ്ട് തന്നെ അറിയേണ്ടതുണ്ട്.

കാരണം രജനിയുടെ ആത്മീയ രാഷ്ട്രീയമല്ല കമലിൻ്റേത്, കാവി രാഷ്ട്രീയത്തോട് എന്നും മുഖം തിരിച്ച ചരിത്രമാണ് കമൽഹാസനുള്ളത്. ആർ.എസ്.എസ് പ്രേരണയിൽ രാഷ്ട്രീയത്തിൽ ഇറങ്ങുന്ന രജനിയുമായി സഖ്യത്തിലായാൽ അത് കമലിൻ്റെ വിശ്വാസ്യതയെ തന്നെയാണ് തകർക്കുക.എന്നാൽ, രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ലാത്തതിനാൽ എന്തു വേണമെങ്കിലും സംഭവിക്കാനും സാധ്യതയുണ്ട്. ഇതും രാഷ്ട്രീയ കേന്ദ്രങ്ങളിപ്പോൾ മുൻകൂട്ടി കാണുന്നുണ്ട്. 2021-ൽ ആരാകും തമിഴ് നാടിനെ നയിക്കുക എന്നതാണ് ദേശീയ മാധ്യമങ്ങളും നിലവിൽ വീക്ഷിക്കുന്നത്.39 ലോകസഭ സീറ്റുകൾ ഉള്ള സംസ്ഥാനമാണ് എന്നത് തമിഴകത്തിൻ്റെ പ്രാധാന്യം ദേശീയ തലത്തിലും വർദ്ധിപ്പിക്കുന്നതാണ്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റൊഴികെ ബാക്കി മുഴുവൻ സീറ്റുകളും തൂത്ത് വാരിയത് ഡി.എം.കെ മുന്നണിയാണ്. രജനിയുടെ വരവോടെ, നിലവിലെ അവസ്ഥയാണ് മാറിമറയാൻ പോകുന്നത്. ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ മുന്നേറ്റം, തമിഴകത്തും ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഹിന്ദുത്വ കാർഡ് തന്നെയായിരിക്കും ഇവിടെയും ബി.ജെ.പി പുറത്തെടുക്കുക.പ്രധാനമന്ത്രി മുതൽ, സകല ബി.ജെ.പി ദേശീയ നേതാക്കളും തമ്പടിക്കാൻ പോകുന്നതും തമിഴകത്താണ്.

രജനിയെ രാഷ്ട്രിയത്തിൽ ഇറക്കിയ, ആർ.എസ്.എസ് സൈതാദ്ധികൻ ഗുരുമൂർത്തി തന്നെയാകും ബി.ജെ.പിയുമായുള്ള സീറ്റ് വിഭജനത്തിലും നിർണ്ണായകമാകാൻ പോകുന്നത്. ഡി.എം.കെയും ഇടതുപക്ഷവും അടങ്ങുന്ന മതേതര ചേരിയും, രജനിയും ബി.ജെ.പിയും ഉൾപ്പെട്ട ആത്മീയ ചേരിയും തമ്മിലുള്ള പോരാട്ടമാണ് തമിഴ് നാട്ടിൽ ഇനി നടക്കാൻ പോകുന്നത്. പോർക്കളത്തിൽ ആര് വീണാലും ആര് തന്നെ വാണാലും അത് ദേശീയ രാഷ്ട്രീയത്തിലും വലിയ പ്രതിധ്വനിയാണ് സൃഷ്ടിക്കാൻ പോകുന്നത്.

Top