തലൈവറുടെ ഇതുവരെ കാണാത്ത അവതാരം; മസില്‍ പെരുപ്പിച്ച് കലിപ്പ് ലുക്കില്‍ രജനി

ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം ദര്‍ബാറിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മസില്‍ പെരുപ്പിച്ച് ഇരുമ്പു കമ്പിയില്‍ കൈപിടിച്ചു നില്‍ക്കുന്ന താരത്തിന്റെ കലിപ്പ് ലുക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

‘ചെറുപ്പക്കാരന്‍, മിടുക്കന്‍, തന്ത്രശാലി, ശാഠ്യക്കാരന്‍…തലൈവറുടെ ഇതുവരെ കാണാത്ത അവതാരം-‘ദര്‍ബാറിന്റെ പുതിയ ചിത്രം പുറത്തുവിട്ട് സംവിധായകന്‍ മുരുഗദോസ് കുറിച്ചു.

ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ എത്തുന്ന താരത്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്റേയും രണ്ടാമത്തേത് സാമൂഹ്യപ്രവര്‍ത്തകന്റേതുമാണ്. പൊലീസ് ഓഫീസറായി എത്തുന്ന താരത്തിന്റെ കഥാപാത്രം ഡിസിപി മണിരാജ് ആണെന്നും നേരത്തെ പുറത്തുവിട്ടിരുന്നു.

നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രത്തില്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിട്ടായിരിക്കും താരം അഭിനയിക്കുക. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. വെറും കുറ്റാന്വേഷണ കഥ മാത്രമല്ല മറിച്ച് കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍.

നയന്‍താരയാണ് ചിത്രത്തിലെ നായിക.ചിത്രത്തില്‍ രണ്ട് മലയാളി താരങ്ങള്‍ കൂടി അഭിനയിക്കുന്നുണ്ട്. ചെമ്പന്‍ വിനോദും നിവേതയുമാണ് ആ മലയാളി താരങ്ങള്‍. രജനികാന്തിന്റെ മകളായിട്ടാണ് നിവേത അഭിനയിക്കുന്നത്. എസ്.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദെര്‍ ആണ്. ഛായാഗ്രഹണം സന്തോഷ് ശിവനാണ്.
2020 ജനുവരി 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Top