രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു; ജ്ഞാനവേലിന്റെ സംവിധാനത്തില്‍ വമ്പൻ പ്രൊജക്റ്റ്

‘ജയ് ഭീമെ’ന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകപ്രീതി നേടിയ ആളാണ് ജ്ഞാനവേല്‍. രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജ്ഞാനവേല്‍ ആണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘തലൈവര്‍ 170’ എന്ന വിശേഷണപ്പേരുള്ള ചിത്രത്തിന്റെ ഒരു വമ്പന്‍ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

അമിതാഭ് ബച്ചനും രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നത്. വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് എതിരെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന പോരാട്ടം പ്രതിപാദിക്കുന്ന ‘തലൈവര്‍ 170’ല്‍ അമിതാഭ് ബച്ചനും വേഷമിടുന്നുവെന്ന കാര്യം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും. അനിരുദ്ധ് ആയിരിക്കും സംഗീത സംവിധായകന്‍. ലൈക്ക പ്രൊഡക്ഷന്‍സ് ആയിരിക്കും രജനികാന്ത് ചിത്രം നിര്‍മിക്കുക.

സൂര്യ നായകനായ ചിത്രം ‘ജയ് ഭീം’ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമാണ്. പ്രമേയത്തിന്റെ കരുത്തായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം. ‘ജയ് ഭീമെ’ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. സൂര്യ തന്നെയാണ് ചിത്രം 2 ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ‘ജയ് ഭീം’ നിര്‍മിച്ചത്.

‘ജയ് ഭീം’ ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും ചര്‍ച്ചകള്‍ തുടങ്ങിയെന്നും നിര്‍മാണ പങ്കാളിയായ രാജശേഖര്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രാജശേഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ജയ് ഭീമി’ന് എല്ലായിടത്തു നിന്നും ലഭിച്ച സ്വീകര്യതയില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ത സെ ജ്ഞാനവേല്‍ പറഞ്ഞിരുന്നു. ‘ജയ് ഭീം’ ചിത്രത്തിന്റെ തിരക്കഥയും ടി ജെ ജ്ഞാനവേലിന്റേതാണ്. മലയാളി താരങ്ങളായ ലിജോമോള്‍ ജോസും രജിഷ വിജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. പ്രകാശ് രാജ്., റാവു രമേഷ്, ഗുരു സോമസുന്ദനം, ജയപ്രകാശ്, സിബി തോമസ്, സുജാത ശിവകുമാര്‍. കെ രാജു തുടങ്ങി ഒട്ടേറെ താരങ്ങള്‍ സൂര്യയുടെ ജയ് ഭീം ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Top