ഒടുവിൽ അക്കാര്യവും വ്യക്തമാകുന്നു . . രജനി എൻ.ഡി.എയിൽ ചേരുമെന്ന് ബി.ജെ.പി . . !

Rajinikanth

ചെന്നൈ: ഒടുവില്‍ ബി.ജെ.പി തന്നെ പരസ്യമായി അതു പ്രഖ്യാപിച്ചു.

2019 ല്‍ രജനീകാന്ത് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയുടെ ഭാഗമാകുമെന്ന് തുറന്ന് പ്രഖ്യാപിച്ചത് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ തമിളിസെ സൗന്ദര രാജനാണ്.

രജനിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം തന്നെ സംഘപരിവാര്‍ ഇടപെടലിനെ തുടര്‍ന്നാണെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ വാദം.

ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയാണ് തമിഴകത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കാന്‍ രജനിയെ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ അറിവോടെയായിരുന്നു രജനിയുടെ അടുത്ത സുഹൃത്ത് കൂടിയായ ഗുരുമൂര്‍ത്തിയുടെ നീക്കങ്ങളെന്നാണ് പ്രമുഖ ദേശീയ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള രജനിയുടെ തീരുമാനത്തെയും സൗന്ദര രാജ അഭിനന്ദിച്ചു. ബിജെപിയുടെ ലക്ഷ്യമായ അഴിമതിരഹിത സദ്ഭരണമാണ് രജനീകാന്തും മുന്നോട്ടുവെക്കുന്നതെന്ന് അവര്‍ പറഞ്ഞു. അഴിമതിക്കെതിരെ ഉറച്ച ശബ്ദമുയര്‍ത്താന്‍ ബി.ജെ.പിയാണ് ഏറ്റവും യോജിച്ചതെന്നും സൗന്ദര രാജ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയിരുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

നിലവില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാനാണ് രജനിയുടെ തീരുമാനമെങ്കിലും ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരിക്കും രജനിയുടെ നീക്കമെന്ന് സൂചനകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് 2019 ല്‍ രജനിയുടെ പാര്‍ട്ടി എന്‍.ഡി.എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞത്.

Top