വിവാദ പരാമര്‍ശം; രജനീകാന്തിനെതിരെയുള്ള പ്രതിഷേധം തുടരുന്നു

തമിഴ് മാസിക തുഗ്ലക്കിന്റെ വാര്‍ഷിക ആഘോഷത്തിനിടെ പെരിയാറെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ രജനീകാന്തിനെതിരെയുള്ള പ്രതിഷേധം തുടരുന്നു. പെരിയാര്‍ വിഷയത്തില്‍ താന്‍ പറഞ്ഞത് വാസ്തവമാണെന്നും അതിനാല്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയുന്നില്ലെന്നും താരം പറഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്.

താരത്തിന്റെ നിലപാടിനെതിരെ പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പരാമര്‍ശനത്തിനെതിരെ ഡി എം കെ പ്രസിഡന്റ് സ്റ്റാലിനും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രജനീകാന്തിനെപ്പോലെയൊരു സൂപ്പര്‍ സ്റ്റാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തുമ്പോള്‍ ചിന്തിക്കണമെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

പ്രതിഷേധം തുടര്‍ന്നതോടെ പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വസതിക്ക് സമീപത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പെരിയാര്‍ നടത്തിയ സമരത്തില്‍ സീതയുടെയും രാമന്റെയും നഗ്നചിത്രങ്ങള്‍ ഉപയോഗിച്ചെന്നായിരുന്നു രജനീകാന്തിന്റെ ആരോപണം. ഇതിനെതിരെ പ്രതിഷേധവുമായി ദ്രാവിഡ പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കി.

Top