പ്രളയത്തെ നേരിട്ട കേരള പൊലീസിന്റെ മാതൃകയിൽ അതിജീവനത്തിന് തമിഴകവും !

ഹാപ്രളയത്തെ നേരിടാന്‍ ഒടുവില്‍ തമിഴ്‌നാടും മാതൃകയാക്കുന്നത് കേരള മോഡല്‍. ഇതില്‍ എടുത്ത് പറയേണ്ടത് തമിഴ് നാട് പൊലീസിന്റെ രക്ഷാപ്രവര്‍ത്തനങ്ങളാണ്. കേരള പൊലീസിന്റെ മാതൃകയിലാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍റാങ്ക് നോക്കാതെ സാധാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍വരെ വെള്ളത്തിലിറങ്ങിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങളെല്ലാം സമുഹ മാധ്യമങ്ങളില്‍ വൈറലും ആയിരുന്നു.

മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സേനയെ സംബന്ധിച്ച് ഇതെല്ലാം വേറിട്ട ഒരു കാഴ്ച തന്നെ ആയിരുന്നു. അന്നു കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ ഏറെ അത്ഭുതത്തോടെ നോക്കി കണ്ടവരാണ് തമിഴ് നാട് പൊലീസ് സേനാംഗങ്ങള്‍. എങ്ങനെ പ്രളയത്തെ അതിജീവിക്കാം എന്ന ആ കേരള പാഠമാണ് ഇപ്പോള്‍ തമിഴകത്തിനു തന്നെ അനുഗ്രഹമായിരിക്കുന്നത്.

പ്രളയബാധിത പ്രദേശങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് തമിഴ് നാട് പൊലീസ് നടത്തി കൊണ്ടിരിക്കുന്നത്. പൊലീസുകാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ രക്ഷാപ്രവര്‍ത്തനവുമായി സജീവമാണ്. ഇതിനിടെ കാക്കിയുടെ ‘കരുതല്‍’ വ്യക്തമാക്കുന്ന ഒരു ദൃശ്യം ഇപ്പോള്‍ രാജ്യ വ്യാപകമായും പടര്‍ന്നു കഴിഞ്ഞു.

പ്രളയത്തില്‍ മുങ്ങിയ ചെന്നൈയെ രക്ഷിക്കാന്‍ യൂണിഫോം പാന്റ്സ് മുട്ടോളം തെറുത്ത് വച്ച് മുന്നിട്ടിറങ്ങിയ ഒരു വനിതാ സബ് ഇന്‍സ്‌പെക്ടറുടെ ദൃശ്യമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ചെന്നൈ ടി.പി ഛത്രാം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയാണ് ഈ ദൃശ്യത്തിലെ സൂപ്പര്‍ ഹീറോ. ബോധരഹിതനായ ഒരു യുവാവിനെ സ്വന്തം തോളില്‍ ചുമന്നു കൊണ്ട് ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ച ഈ കാക്കിയുടെ ധീരതയാണ് ഇപ്പോള്‍ നാട്ടിലാകെ വാഴ്ത്തപ്പെടുന്നത്.

യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ ഇന്‍സ്‌പെക്ടറെ മുഖ്യമന്ത്രി തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ചെന്നൈ പൊലീസ് കമ്മീഷണറുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും രാജേശ്വരിയെ അഭിനന്ദിച്ച് രംഗത്തു വന്നിട്ടുണ്ട്. കനത്ത മഴയില്‍ കടപുഴകിയ മരം നീക്കിയ ശേഷമാണ് ഈ പൊലീസ് ഉദ്യോഗസ്ഥ ബോധരഹിതനായ യുവാവിനെ ചുമലിലേറ്റി ആശുപത്രിയിലേക്കുള്ള വാഹനത്തില്‍ എത്തിച്ചിരുന്നത്.

മഴക്കെടുതി ഏറെ നേരിടുന്ന ചെന്നൈയിലെ ടി പി ഛത്രാം പ്രദേശത്തെ ശ്മശാനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയതായിരുന്നു രാജേശ്വരിയും സംഘവും. റോഡിലേക്ക് വീണു കിടന്ന മരച്ചില്ലകള്‍ മുട്ടോളം വെള്ളത്തില്‍ നിന്ന് വലിച്ചു നീക്കുന്നതിനിടെയാണ് ഒരാള്‍ കിടക്കുന്നത് രാജേശ്വരിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നത്.

ഇതു പോലെ അനവധി പേരെയാണ് തമിഴ്‌നാട് പൊലീസ് ഇതിനകം തന്നെ രക്ഷപ്പെടുത്തിയിരിക്കുന്നത്. കേരള പൊലീസ് വിജയകരമായി നടപ്പാക്കിയ ആക്ഷന്‍ പ്ലാനാണ് തമിഴകത്തിനും ഇപ്പോള്‍ ഗുണമായി മാറിയിരിക്കുന്നത്. പ്രളയത്തെ മാത്രമല്ല നിപ്പയെയും കോവിഡിനെയും ചെറുക്കാന്‍ കേരള പൊലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസവും ഇതിനകം തന്നെ രാജ്യ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ്.

പൊലീസിന്റെ ക്രിയാത്മകമായ സേവനങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ സമൂഹത്തിന് നല്‍കി എന്നതും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. കേരളത്തില്‍ പ്രളയത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ 55000-ല്‍ അധികം വരുന്ന കേരള പൊലീസ് സേനാംഗങ്ങളാണ് റാങ്കുകള്‍ക്കും പദവികള്‍ക്കുമപ്പുറം അടിമുടി സേവനസന്നദ്ധരായി ഇറങ്ങിയിരുന്നത്.

ക്രമസമാധാനപ്രശ്‌നങ്ങളില്‍ മാത്രമല്ല ഇത്തരം ദുരന്തഘട്ടങ്ങളിലും മുന്നിട്ടിറങ്ങേണ്ടത് തങ്ങള്‍ തന്നെ ആണെന്നാണ് ഓരോ പൊലീസുകാരനും തെളിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും മലപ്പുറത്തുനിന്നുമൊക്കെ വള്ളങ്ങള്‍ ലോറിയില്‍ കയറ്റി ദുരന്ത മേഖലകളിലേക്ക് അയക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആരും ഒരു ഉത്തരവിനുപോലും കാത്തുനിന്നിരുന്നില്ല.

55000 പേരെ നേരിട്ടും ഒരു ലക്ഷം പേരെ നാട്ടുകാരുടെ സഹായത്തോടുകൂടിയും രക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കഴിഞ്ഞിരുന്നത് കേരള പൊലീസിന്റെ ‘ഇടപെടല്‍’ ഒന്നു കൊണ്ടു മാത്രമാണ്. വളരെ സുസജ്ജമായ ഒരു സാമൂഹിക ഏകോപനം കേരള പൊലീസിന് ഇന്ന് ഇവിടെ സാധ്യമാണ്.

ഇത് ഒരുപക്ഷേ ലോകത്തൊരിടത്തും ഉണ്ടാവാത്തവിധം അസാധാരണവുമാണ്. ഈ പാതയില്‍ നീങ്ങുന്ന തമിഴ് നാട് പൊലീസും വലിയ ഒരു അഭിനന്ദനം നിലവില്‍ അര്‍ഹിക്കുന്നുണ്ട്. അയല്‍ സംസ്ഥാനത്തിന് മാതൃകയാകാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും കേരള പൊലീസിനും അഭിമാനിക്കാന്‍ ഏറെ വകയുണ്ട്.

EXPRESS KERALA VIEW

Top