തോമസ് ചാണ്ടിയുടെ വെല്ലുവിളി ; മന്ത്രി പറഞ്ഞതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് കാനം രാജേന്ദ്രന്‍

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി പറഞ്ഞതിന് തനിക്ക് ഉത്തരവാദിത്തമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ജനജാഗ്രതായാത്രയുടെ നിലപാട് താന്‍ പറഞ്ഞിട്ടുണ്ട്. മന്ത്രിക്ക് അദേഹത്തിന്റെ ഭാഗം പറയാം. അതിലെ ഔചിത്യം തീരുമാനിക്കേണ്ടത് മന്ത്രിയാണന്നും കാനം വ്യക്തമാക്കി.

കുട്ടനാട്ടിലെ ജനജാഗ്രതയുടെ സ്വീകരണ യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുമായി വേദി പങ്കിട്ടതില്‍ തെറ്റൊന്നുമില്ലെന്നും കാനം പറഞ്ഞു.

കുട്ടനാട്ടിലെ സ്വീകരണ യോഗത്തിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. വേദിയിലെത്തിയതിലും പ്രസംഗിച്ചതിലും തെറ്റില്ല. പ്രസംഗത്തില്‍ എന്ത് പറയണമെന്നതിലെ ഔചത്യം അദ്ദേഹം തീരുമാനിക്കും.

തനിക്കെതിരേയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കാന്‍ തോമസ് ചാണ്ടിക്ക് അവകാശമുണ്ട്. അദ്ദേഹത്തെക്കുറിച്ച് വാര്‍ത്ത നല്‍കാന്‍ നിങ്ങള്‍ക്കും അവകാശമുണ്ട്. കൈയേറ്റ സംബന്ധിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വസ്തുതകള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫില്‍ തര്‍ക്കങ്ങളൊന്നുമില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നത് മാധ്യമങ്ങളാണ്. അതുകൊണ്ട് എല്‍ഡിഎഫിന്റെ കെട്ടുറപ്പിന് കോട്ടമൊന്നും സംഭവിക്കുന്നത്. ജനജാഗ്രത യാത്ര തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിവാദത്തില്‍ മുങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top