രാജീവ് വധക്കേസ്: മുഖ്യപ്രതി ചക്കര ജോണി പിടിയില്‍

arrest

പാലക്കാട്: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായ അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ രാജീവിനെ (46) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അങ്കമാലി സ്വദേശി ചക്കര ജോണി പിടിയില്‍.

ജോണിയേയും കൂട്ടാളി രഞ്ജിത്തിനെയുമാണ് പിടികൂടിയത്. പാലക്കാട് നിന്നാണ് ഇവര്‍ പിടിയിലായത്. ഇരുവരേയും ചാലക്കുടി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.

ജോണിയെ പിടികൂടാന്‍ പോലീസ് സംസ്ഥാനത്തിനു പുറത്തും അന്വേഷണം വ്യാപകമാക്കിയിരുന്നു.

കൊരട്ടിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ജോണിയുടെ പാസ്പോര്‍ട്ടുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് ജോണി രാജ്യം വിട്ടിട്ടില്ലെന്നു തെളിഞ്ഞിരുന്നു. ഇതിനിടെ പാലക്കാട്ട് നിന്ന് ജോണി പോലീസ് പിടിയിലാകുകയായിരുന്നു.

കൊല നടത്തിയെന്നു സംശയിക്കുന്ന നാലംഗ ക്വട്ടേഷന്‍ സംഘത്തെ അഞ്ചു മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ നാലു പ്രതികളെയും ശനിയാഴ്ച കുന്നംകുളം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരെ ഈ മാസം 13 വരെ റിമാന്‍ഡ് ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണു പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിനു കാരണമെന്നാണ് സൂചന.

Top