രാജീവ് വധം;അഭിഭാഷകൻ ഉദയഭാനു ഏഴാം പ്രതി, റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: ചാലക്കുടി റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസില്‍ അഡ്വ.സി.പി.ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പൊലീസ്.

മുന്‍കൂര്‍ നോട്ടീസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

പ്രതികളും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണറിപ്പോര്‍ട്ട് മുദ്രവെച്ച കവറിലാണ് ഹാജരാക്കിയത്. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്താഴ്ച വീണ്ടും പരിഗണിക്കും.

നേരത്തെ കേസില്‍ ഉദയഭാനുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തമായ തെളിവുണ്ടെങ്കിലേ അറസ്റ്റ് ചെയ്യാവൂ എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അഡ്വ.ബി.രാമന്‍പിള്ള മുഖേനയാണ് ഉദയഭാനു മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നത്.

രാജീവും ഉദയഭാനുവിനുള്ള ബന്ധം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മുന്‍പ് പുറത്ത് വന്നിരുന്നു.

ഉദയഭാനു പല തവണ രാജീവിന്റെ വീട്ടില്‍ എത്തിയിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഉദയഭാനു രാജീവിന്റെ വീട്ടിലെത്തുന്നതും രാജീവുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രാജീവിന്റെ വീട്ടിലെ ക്യാമറയില്‍ നിന്നാണ് പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിച്ചത്. അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണ് രാജീവിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികളില്‍ ചിലര്‍ മൊഴിയും നല്‍കിയിരുന്നു.

മൂന്ന് പ്രതികളാണ് അഭിഭാഷകനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. രാജീവിനെ പിടികൂടി ചില രേഖകളില്‍ ഒപ്പിടീപ്പിക്കാന്‍ സിപി ഉദയഭാനുവാണ് നിര്‍ദേശം നല്‍കിയതെന്നാണ് മുഖ്യപ്രതി ജോണിയും രഞ്ജിത്തും പൊലീസിന് നല്‍കിയ മൊഴി. പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചാലക്കുടി ഡിവൈഎസ്പിയെ അഭിഭാഷകന്‍ വിളിച്ചത് നിര്‍ണായക തെളിവാണെന്നാണ് പൊലീസ് പറയുന്നത്. രാജീവിനെ കൊലപ്പെടുത്തിയ ഉടന്‍തന്നെ ജോണി അഭിഭാഷകനെ വിളിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദയഭാനു ചാലക്കുടി ഡിവൈഎസ്പിയെ വിളിച്ചതെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഡിവൈഎസ്പി ഈ കേസില്‍ പ്രധാന സാക്ഷിയാണ്.

ഉദയഭാനുവിന്റെ വിളി പൊലീസ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

മരണപ്പെടുന്നതിന് മുമ്പ് ജോണിയില്‍നിന്നും അഭിഭാഷകനില്‍നിന്നും ഭീഷണിയുണ്ടെന്നു കാണിച്ച് രാജീവ് നല്‍കിയ ഹര്‍ജിയില്‍ ലോക്കല്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

സംസ്ഥാനത്തെ നിയമ കേന്ദ്രങ്ങളേയും പൊതു സമൂഹത്തേയും ഒരുപോലെ ഞെട്ടിക്കുന്നതാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ഉദയഭാനുവിനെതിരായ കേസ്.

 

Top