മലയാളികളെ അപമാനിച്ച അര്‍ണബ് ഗോസ്വാമിക്ക് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരന്തത്തെ തുടര്‍ന്ന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടിയെ തുടര്‍ന്ന് അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിന് പിന്തുണയുമായി ബിജെപി എംപിയും റിപബ്ലിക് ടിവി ചാനലിന്റെ സഹ ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍. റിപബ്ലിക് ടിവി ചാനലിന്റെ ചര്‍ച്ചയ്ക്കിടെയാണ് മലയാളികളെ അപമാനിച്ചുകൊണ്ട് ഗോസ്വാമി പരാമര്‍ശം നടത്തിയത്. മലയാളികള്‍ നാണം കെട്ടവരാണെന്ന തരത്തില്‍ അര്‍ണബ് പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തുന്നത് കോമാളികളാണെന്നും ഇത് നുണയാണെന്നും രാജീവ് ട്വീറ്റ് ചെയ്തു.

യുഎഇയുടെ സഹായ വാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ വിവാദ പ്രസ്താവന. താന്‍ കണ്ടതില്‍ വെച്ച് ഇന്ത്യയിലെ എക്കാലത്തേയും നാണം കെട്ട ഒരുകൂട്ടം ആളുകളാണ് മലയാളികള്‍ എന്നായിരുന്നു പരമാര്‍ശം. യുഎഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും അര്‍ണബ് പറഞ്ഞിരുന്നു.

അതേസമയം അര്‍ണബിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് മലയാളികളുടെ ഭാഗത്ത് നിന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവരുന്നത്. റിപ്പബ്ലിക് ചാനലിന്റേയും അര്‍ണാബിന്റെയും ഔദ്യോദിക ഫേസ്ബുക്ക് പേജുകളില്‍ മലയാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Top