തിരുവനന്തപുരത്ത് വികസനം ലക്ഷ്യമിടുന്ന അഞ്ച് മേഖലകളില്‍ ഒന്നാണ് കായികരംഗം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: 2036 ലെ ഒളിമ്പിക്‌സില്‍ തിരുവനന്തപുരത്ത് നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. താന്‍ തിരുവനന്തപുരത്ത് വികസനം ലക്ഷ്യമിടുന്ന അഞ്ച് മേഖലകളില്‍ ഒന്നാണ് കായികരംഗം എന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2024-ന്റെ ലോഗോയും ജേഴ്‌സിയും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌പോര്‍ട്ഓണ്‍ സഞ്ചടിപ്പിക്കുന്ന നരേന്ദ്ര മോദി സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2024 ന് ഏപ്രില്‍ മൂന്നിന് തിരുവനന്തപുരം ആക്കുളത്ത് തുടക്കമാകും. പ്രാദേശിക ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 16 ടീമുകളാണ് പങ്കെടുക്കുന്നത്. തീരദേശ മേഖലയിലെ വോട്ട് ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് പറയുന്നവര്‍ അങ്ങനെ തന്നെ പറയട്ടെയെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍ താന്‍ എന്നും തിരുവനന്തപുരത്തിന്റെ വികസനത്തിനായി നില്‍ക്കുമെന്നും വാഗ്ദാനം ചെയ്തു.

വി സുരേന്ദ്രന്‍ പിള്ളയെ താന്‍ കണ്ടതില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചു. വ്യക്തിപരമായ സന്ദര്‍ശനം മാത്രമായിരുന്നു അത്. എല്ലാം വോട്ട് ലക്ഷ്യമിട്ടെന്ന് കരുതുന്നവര്‍ അങ്ങനെ തന്നെ കരുതട്ടെ. പക്ഷെ താന്‍ വിഭാവനം ചെയ്യുന്ന പദ്ധതികളുമായി മുന്നോട്ട് പോകും. കോളേജുകളില്‍ എഐ ലാബ് താന്‍ കൊണ്ടുവന്നപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. തിരുവനന്തപുരത്തിന്റെ വികസനമാണ് തന്റെ ലക്ഷ്യമെന്നും അതിനായുള്ള പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top