കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനും ഇരട്ടത്താപ്പിനുമെതിരെ രാജീവ് ചന്ദ്രശേഖർ

ദില്ലി: കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനും ഇരട്ടത്താപ്പിനുമെതിരെ രൂക്ഷ വിമാർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കർണ്ണാടകയിൽ കോണ്‍ഗ്രസ് സർക്കാർ നടപ്പിലാക്കുന്ന സ്വാവലമ്പി സാരഥി പദ്ധതി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ളതാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ന്യൂനപക്ഷങ്ങൾക്ക് മാത്രമായാണ് ആദ്യം പദ്ധതി അവതരിപ്പിച്ചത്, എന്നാൽ താൻ അതിനെതിരെ ട്വീറ്റ് ചെയ്യുകയും ജനരോക്ഷമുയരുകയും ചെയ്തതോടെ സിദ്ധരാമയ്യ സർക്കാർ ഒബിസി വിഭാഗങ്ങളെ പദ്ധതിയിൽ ഉള്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.

കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും എക്സിൽ (ട്വിറ്റർ) ടാഗ് ചെയ്താണ് കേന്ദ്രമന്ത്രിയുടെ വിമർശനം. ഒബിസി വിഭാഗത്തെ പദ്ധതിയിൽ ഉള്‍പ്പെടുത്തിയെങ്കിലും ഇതുവരെ എസ്ഇ എസ്ടി വിഭാഗത്തെ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ കോണ്‍ഗ്രസിനും ഇൻഡ്യ മുന്നണിക്കും പ്രീണന രാഷ്ട്രീയം പ്രയോഗിക്കാനെ അറിയൂ എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. തുറന്ന് കാട്ടപ്പെടുന്നതുവരെ അവർ ഇത് തന്നെ തുടരും. അവരുടെ ഓരോ ചുവടും തുറന്നുകാട്ടുമെന്ന് ഞാൻ ഉറപ്പുനൽകുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

എല്ലാ മതവിഭാഗങ്ങളോടും ആത്മാർത്ഥതയുള്ളവരാണ് കോണ്‍ഗ്രസെങ്കിൽ സ്വാവലമ്പി സാരഥി പദ്ധതിയുടെ ഗുണഭോക്താക്കളെ ഓരോ മാസവും വെളിപ്പെടുത്തണമെന്ന് രാജീവ് ചന്ദ്രശേഖർ വെല്ലുവിളിച്ചു. മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്‌താൽ സത്യം പുറത്തുവരുന്നത് തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ആജ് തക്കിലെ മാധ്യമപ്രവർത്തകനും വാർത്താ അവതാരകനുമായ സുധീർ ചൗധരിയെ കർണാടക പൊലീസ് കേസെടുത്തിരുന്നു.

കർണ്ണാടക ന്യൂനപക്ഷ വികസന കോർപ്പറേഷന്റെ കീഴിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് സ്വാവലമ്പി സാരഥി പദ്ധതി. 4.5 ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള ആളുകൾക്ക് വാണിജ്യ വാഹനങ്ങൾ വാങ്ങുന്നതിന് വാഹന വിലയിൽ 50 ശതമാനം, അല്ലെങ്കിൽ 3 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കുന്നതാണ് പദ്ധതി.

Top