കേന്ദ്ര ഇലക്ട്രോണിക്സ്,ഐടി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തത വരുത്തി രാജീവ് ചന്ദ്രശേഖര്‍

ഡല്‍ഹി: കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിവിധ മേഖലകളില്‍ നിന്ന് ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങളിലെ ചില പ്രധാനവശങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി വ്യക്തത വരുത്തിയത്.ജനറേറ്റീവ് എഐ മോഡലുകളും അല്‍ഗൊരിതവും ജനങ്ങള്‍ക്കിടയില്‍ പരീക്ഷിക്കുന്നുണ്ടെങ്കില്‍ അതിന് സര്‍ക്കാരിന്റെ അനുമതി നേടിയിരിക്കണം എന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മാര്‍ച്ച് ഒന്നിന് പുറത്തിറക്കിയത്. എന്നാല്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ വലിയ കമ്പനികളെ ഉദ്ദേശിച്ചുള്ളതാണെന്നും സ്റ്റാര്‍ട്ട് അപ്പുകളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

എഐ മോഡലുകളും, അല്‍ഗൊരിതവും ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് സര്‍ക്കാരില്‍ നിന്ന് അനുമതി തേടിയിരിക്കണം എന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഈ എഐ മോഡലുകളില്‍ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഹോസ്റ്റ് ചെയ്യല്‍, പ്രദര്‍ശിപ്പിക്കല്‍, അപ് ലോഡ് ചെയ്യല്‍, പ്രസിദ്ധീകരിക്കല്‍, കൈമാറ്റം ചെയ്യല്‍, ശേഖരിക്കല്‍, മാറ്റങ്ങള്‍ വരുത്തല്‍, പങ്കുവെക്കല്‍, അപ്ഡേറ്റ് ചെയ്യല്‍ എന്നിവ സംഭവിക്കില്ലെന്ന് പ്ലാറ്റ്ഫോമുകള്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ഗൂഗിളിന്റെ ജെമിനി എ.ഐ. ചാറ്റ്‌ബോട്ട് ആക്ഷേപകരമായ പ്രതികരണം നടത്തിയ സംഭവത്തിന് പിന്നാലെയാണ് മാര്‍ച്ച് ഒന്നിന് എഐ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ട് ഐടി മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ഇന്ത്യയുടെ ഇന്റര്‍നെറ്റിലെ സുരക്ഷയും വിശ്വാസ്യതയും സര്‍ക്കാരിന്റെയും ഉപഭോക്താക്കളുടെയും പ്ലാറ്റ്ഫോമുകളുടെയും പൊതു ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരില്‍ നിന്ന് അനുമതി തേടുന്നതും, ലേബലിങ്, ഉപഭോക്താക്കളുടെ സമ്മതം എന്നിവ അടിസ്ഥാനമാക്കി വിവരങ്ങള്‍ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം കമ്പനികളെ സംബന്ധിച്ച് ഒരു ഇന്‍ഷുറന്‍സ് പോളിസിയാണെന്നും അല്ലാത്തപക്ഷം പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാനാവുമെന്നും മന്ത്രി പറഞ്ഞു.ഇന്ത്യന്‍ ഇന്റര്‍നെറ്റില്‍ വിന്യസിക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള പരീക്ഷിച്ചിട്ടില്ലാത്ത എഐ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ടാണ് നിര്‍ദേശം പുറത്തിറക്കിയതെന്നും. മന്ത്രി വ്യക്തമാക്കി.

Top