ആ പെണ്‍കുട്ടിക്ക് പകരം ഒരു ഹിന്ദു കുട്ടി ആയിരുന്നെങ്കില്‍ ? മാസ് ചോദ്യവുമായി . . .

Rajdeep Sardesai

ചോദ്യം ഇന്ത്യയിലെ സാധാരണക്കാരന്റെ ചോദ്യമാണ്. മന:സാക്ഷി നഷ്ടപ്പെടാത്തവരെ ചുട്ടുപൊള്ളിക്കുന്നതാണ്. രാജ്യത്തെ നടുക്കിയ മൃഗീയതക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ് ദീപ് സര്‍ ദേശായിയുടെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

‘ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ.. ആ കൃത്യം ചെയ്തത് ഒരു റോഹിങ്ക്യക്കാരനോ കശ്മീര്‍ താഴ്‌വരയില്‍നിന്നുള്ള ഒരാളോ ആയിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നോ നമ്മൂടെ പ്രതികരണം’ …രാജ് ദീപ് സര്‍ ദേശായി തുറന്നടിച്ചു.

ഈ കൊല നടന്നത് രാജ്യ തലസ്ഥാനത്തായിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നോ നമ്മുടെ മൗനം…?

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് ജമ്മു കശ്മീരിലെ കത്‌വയില്‍ ഏട്ട് വയസുകാരിയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തെക്കുറിച്ച് ‘ഇന്ത്യാ ടുഡേ’ ചാനലിലെ തന്റെ വാര്‍ത്താ പരിപാടിയിലാണ് രജ്ദീപ് പൊട്ടിത്തെറിച്ചത്. ഇപ്പോള്‍ നമ്മള്‍ ഉണര്‍ന്നില്ലെങ്കില്‍ ഇനി എപ്പോഴാണ് നമ്മള്‍ എഴുന്നേല്‍ക്കുകയെന്നും രജ്ദീപ് ചോദിക്കുന്നു.

മൂന്ന് മാസക്കാലത്തോളം ക്രൂരമായ മൗനമാണ് ഈ പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തോട് രാജ്യം പുലര്‍ത്തിയത്. എന്നാല്‍, ഇപ്പോള്‍ അതിശക്തമായ പ്രതികരണങ്ങളാണ് കൊലപാതകത്തിനെതിരെ രാജ്യത്ത് നിന്ന് ഉയര്‍ന്നു വരുന്നത്. കൊലപാതകത്തോടുള്ള തന്റെ അമര്‍ഷവും പ്രതിഷേധവും രജ്ദീപ് പരസ്യമായി പ്രകടിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ചില കാര്യങ്ങള്‍ അദ്ദേഹം ഉന്നയിക്കുന്നു.

രാജ്യത്തിലെ എല്ലാ ജനങ്ങള്‍ക്കും അപമാനമുണ്ടാക്കുന്ന സംഭവമാണ് കത്‌വയില്‍ ഉണ്ടായതെന്ന് രാജ്ദീപ് സര്‍ദേശായി പറഞ്ഞു. പക്ഷേ എന്തുകൊണ്ടാണ് ഒരിക്കലും ന്യായീകരിക്കാനാവത്ത കത്‌വ സംഭവത്തെ പ്രതിരോധിച്ച് ജമ്മുവിലെ ബി.ജെ.പി മന്ത്രിമാര്‍ രംഗത്തെത്തുന്നത്.. പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമേ്ബാള്‍ അതിനെ പ്രതിരോധിക്കാന്‍ ‘ഭാരത് മാതാ കീ ജയ്..’ ‘ജയ് ശ്രീറാം…’ തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴങ്ങുന്നതിന്റെ കാരണമെന്താണ്..

കേസില്‍ ജമ്മു കശ്മീര്‍ പൊലീസിനെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്ന് ബാര്‍ കൗണ്‍സില്‍ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ വികാരമെന്താണ്…

നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ അത് തകര്‍ക്കുന്ന കാഴ്ചയാണ് ജമ്മു കശ്മീരില്‍ കാണുന്നത്. ഇത് ഭാവിക്ക് ഒട്ടു ശുഭകരമാവില്ല. കത്‌വ ബലാത്സംഗത്തിലെ പ്രതികള്‍ക്ക് ശക്തമായ ശിക്ഷ കിട്ടണമെന്നും രാജദീപ് പറഞ്ഞു. രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച ധാരുണ കൃത്യത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.

Top