പൗരത്വ നിയമം; സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണം തേടാനൊരുങ്ങി ഗവര്‍ണറുടെ ഓഫീസ്‌

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടാനൊരുങ്ങി ഗവര്‍ണറുടെ ഓഫീസ്. സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് ഗവര്‍ണറുടെ ഓഫീസ് നിലപാട് കടുപ്പിക്കാനൊരുങ്ങിയിരിക്കുന്നത്.

ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണറാണ്. അതുകൊണ്ടു തന്നെ ഹര്‍ജി ഫയല്‍ ചെയ്യും മുമ്പ് അക്കാര്യം അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. അത് ഉണ്ടായില്ലെന്നാണ് ഗവര്‍ണറുടെ ആക്ഷേപം. റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം ഹര്‍ജി ഫയല്‍ ചെയ്യും മുമ്പ് ഗവര്‍ണ്ണറുടെ അനുമതി വേണം എന്ന് വ്യവസ്ഥയാണ് രാജ്ഭവന്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണ ഘടനയുടെ 166 ആം അനുച്ഛേദം ചട്ടം 34(2) ഇത് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഗവര്‍ണറുടെ ഓഫീസ് വാദിക്കുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്ന് പറയുമ്പോഴും ഭരണഘടനാപരമായി ഗവര്‍ണര്‍ക്കുള്ള അവകാശത്തെ മറികടന്നതിലുള്ള അതൃപ്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഗവര്‍ണറുടെ അനുമതി ഇല്ലാതെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് എതിരെ നിയമ നടപടി എടുത്തെങ്കില്‍ അക്കാര്യത്തില്‍ വേണമെങ്കില്‍ വിശദീകരണം തേടാമെന്നാണ് രാജ് ഭവന്‍ വൃത്തങ്ങളും വിശദീകരിക്കുന്നത്.

പൗരത്വ നിയമ ഭേതഗതിക്കെതിരെ ഗവര്‍ണറുടെ അനുമതിയില്ലാതെ സുപ്രീംകോടതിയില്‍ പോയത് പ്രോട്ടോകോള്‍ പ്രശ്‌നത്തിനപ്പുറം ചട്ടലംഘനം എന്ന തലത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് രാജ്ഭവന്റെ നീക്കമെന്നാണ് സൂചന. ഇതോടെ മുഖ്യമന്ത്രിയും ഗവര്‍ണറും നേര്‍ക്കുനേര്‍ പോരാടുന്ന തലത്തിലേക്ക് വരെ കാര്യങ്ങളെത്തുകയാണ്.

Top