രാജസ്ഥാന്റെ പ്ലേഓഫ് സാധ്യത; മുംബൈയും ബാംഗ്ലൂരും തോൽക്കണം

ധരംശാല : അവസാന ഓവറിൽ 9 റൺസ് പ്രതിരോധിക്കാൻ ലെഗ് സ്പിന്നർ രാഹുൽ ചാഹറിനു സാധിക്കുമെന്ന് പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാൻ വിശ്വസിച്ചു. പക്ഷേ, ആ വിശ്വാസത്തിൽ പൊലിഞ്ഞത് പഞ്ചാബ് കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ. ചാഹർ എറിഞ്ഞ നാലാം പന്ത് ലോങ് ഓഫിനു മുകളിലൂടെ ബൗണ്ടറി കടന്നപ്പോൾ അമിതാഹ്ലാദം രാജസ്ഥാൻ ആരാധകരുടെ മുഖത്തും ഉണ്ടായിരുന്നില്ല. 4 വിക്കറ്റിന് മത്സരം ജയിച്ചെങ്കിലും പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യം 18.3 ഓവറിൽ മറികടന്നിരുന്നെങ്കിൽ മാത്രമേ അവർക്ക് നെറ്റ് റൺ റേറ്റിൽ ബാംഗ്ലൂരിനെ മറികടക്കാൻ സാധിക്കുമായിരുന്നുള്ളൂ.

ജയിച്ചെങ്കിലും അടുത്ത മത്സരത്തിൽ മുംബൈ, ബാംഗ്ലൂർ ടീമുകൾ തോൽക്കുകയും ബാംഗ്ലൂരിന്റെ തോൽവി വൻ മാർജിനിൽ ആവുകയും ചെയ്താൽ മാത്രമേ രാജസ്ഥാന് പ്ലേഓഫിൽ എത്താനാകൂ. സ്കോർ: പഞ്ചാബ് 5ന് 187. രാജസ്ഥാൻ 19.4 ഓവറിൽ 6ന് 189. മൂന്നുദിവസം മുൻപ് ‘റൺമഴ പെയ്ത’ ധരംശാലയിലെ മൈതാനത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങുമ്പോൾ വമ്പൻ ടോട്ടലായിരുന്നു പഞ്ചാബിന്റെ മനസ്സിൽ. എന്നാൽ പ്രതീക്ഷയ്ക്കൊത്തു തുടങ്ങാൻ പഞ്ചാബ് ബാറ്റർമാർക്ക് സാധിച്ചില്ല.

പതിവു തെറ്റിക്കാതെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി ട്രെന്റ് ബോൾട്ട് രാജസ്ഥാനു മേൽക്കൈ നൽകി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറിയുമായി തിളങ്ങിയ പ്രഭ്സിമ്രൻ സിങ്ങായിരുന്നു (2) ബോൾട്ടിന്റെ ഇര. നന്നായി തുടങ്ങിയെങ്കിലും ശിഖർ ധവാനും (12 പന്തിൽ 17) പെട്ടെന്നു പുറത്തായതോടെ പഞ്ചാബ് പ്രതിരോധത്തിലായി. അഥർവ ടെയ്ഡെ (12 പന്തിൽ 19), ലിയാം ലിവിങ്സ്റ്റൻ (13 പന്തിൽ 9) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും (28 പന്തിൽ 44) സാം കറനും (31 പന്തിൽ 49 നോട്ടൗട്ട്) ചേർന്നു നടത്തിയ ചെറുത്തുനിൽപാണ് പഞ്ചാബിനെ മത്സരത്തിലേക്ക‌ു തിരികെ കൊണ്ടുവന്നത്. അവസാന ഓവറുകളിൽ ഷാറൂഖ് ഖാൻ (23 പന്തിൽ 41 നോട്ടൗട്ട്) നടത്തിയ വെടിക്കെട്ട് പഞ്ചാബ് സ്കോർ 187ൽ എത്തിച്ചു. ആറാം വിക്കറ്റിൽ 37 പന്തിൽ 73 റൺസാണ് സാം കറനെ കൂട്ടുപിടിച്ച് ഷാറൂഖ് അടിച്ചുകൂട്ടിയത്. രാജസ്ഥാനു വേണ്ടി നവ്ദീപ് സെയ്നി 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ സീസണിലെ അഞ്ചാം ഡക്കുമായി ജോസ് ബട്‌ലർ തുടക്കത്തിലേ മടങ്ങിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി. ക്യാപ്റ്റൻ സഞ്ജു സാംസണും (2) നിരാശപ്പെടുത്തി. യശസ്വി ജയ്സ്വാൾ (36 പന്തിൽ 50), ദേവ്ദത്ത് പടിക്കൽ (30 പന്തിൽ 51) എന്നിവരുടെ ഇന്നിങ്സുകളാണ് രാജസ്ഥാനു വിജയപ്രതീക്ഷ നൽകിയത്.

ദേവ്ദത്താണ് മത്സരത്തിലെ താരം. മധ്യ ഓവറുകളിൽ ആഞ്ഞടിച്ച ഷിമ്രോൺ ഹെറ്റ്മെയറും (28 പന്തിൽ 46), റിയാൻ പരാഗും (12 പന്തിൽ 20) പോരാട്ടം മുന്നോട്ടു കൊണ്ടു പോയി. ഇംപാക്ട് പ്ലെയറായി എത്തിയ ധ്രുവ് ജുറൽ (4 പന്തിൽ 10 നോട്ടൗട്ട്) അവസാന ഓവറിൽ സിക്സ് അടിച്ച് ജയം ഉറപ്പിക്കുകയും ചെയ്തു. പഞ്ചാബിനു വേണ്ടി കഗീസോ റബാദ 2 വിക്കറ്റ് വീഴ്ത്തി.

Top