ടോള്‍ ഫ്രീ നമ്പറുകളുമായി രാജസ്ഥാന്‍ പിടിക്കാന്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ തെരഞ്ഞെപ്പിനെ നേരിടാന്‍ ടോള്‍ഫ്രീ നമ്പറുമായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് അവര്‍ ‘ജന ഘോഷ്ന പാത്ര’ എന്ന പേരില്‍ ക്യാംപെയിനുകള്‍ ശക്തമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ രൂപീകരിക്കുന്നതിനായി ജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ടോള്‍ ഫ്രീ നമ്പറുകള്‍.

പാര്‍ട്ടി മാനിഫെസ്റ്റോയില്‍ ജനപങ്കാളിത്തെ ഉറപ്പാക്കുകയാണ് ടോള്‍ഫ്രീ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് ചൗധരി വ്യക്തമാക്കി. 9911448200 എന്ന നമ്പറിലേയ്ക്ക് ആര്‍ക്കു വേണമെങ്കിലും സൗജന്യമായി വിളിക്കാം, പ്രശ്നങ്ങള്‍ പങ്കുവയ്ക്കാം. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കുന്ന സമയത്ത് ഇവ പരിഗണിയ്ക്കും. എസ്എംഎസ് ആയിട്ടോ വാട്ട്സ് ആപ്പിലൂടെയോ വീഡിയോ ആയിട്ടോ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുമായി പങ്കുവയ്ക്കാമെന്ന് ചൗധരി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൊടിപൊടിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ആസ്ഥാനത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നേതാക്കളും അണികളും തമ്മിലടി തുടരുകയാണ്. പ്രശാന്ത് ഭൈരവയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്താണ് കഴിഞ്ഞ ദിവസം പ്രശ്നങ്ങള്‍ ഉണ്ടായത്.

കോങ്ക് മണ്ഡലത്തിലെ വിവിധ നേതാക്കളെ പിന്തുണയ്ക്കുന്നവരാണ് പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് സംഘര്‍ഷമുണ്ടാക്കിയതെന്ന് ലക്ഷ്മണ്‍ ഗാതാ പറഞ്ഞു. ഭൈരവയുടെ കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ല. 2013 തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് തോറ്റ ആളാണ്. ദീപാവലിയ്ക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിടുക. പട്ടികയില്‍ അന്തിമ തീരുമാന പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതായിരിക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സച്ചില്‍ പൈലറ്റ് അറിയിച്ചു.

‘രാജസ്ഥാന്റെ റിപ്പോര്‍ട്ട് കാര്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ക്യാംപെയിനാണ് രണ്ടാമത്തേത്. ബിജെപി എംഎല്‍എമാരുടെ പ്രകടനം വിലയിരുത്തിക്കൊണ്ടുള്ള പ്രചരണമാണ് കോണ്‍ഗ്രസ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

Top