രാജസ്ഥാന് കനത്ത തിരിച്ചടി; നായകന്‍ സ്റ്റീവ് സ്മിത്തും മടങ്ങുന്നു

ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഈ മാസം മുപ്പതിന് നാട്ടിലേക്ക് മടങ്ങും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് ശേഷമായിരിക്കും മടക്കം. ദേശീയ ടീം ക്യാമ്പിനെ തുടര്‍ന്ന് ഇംഗ്ലീഷ് താരങ്ങളായ ബെന്‍സ്റ്റോക്ക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ സീസണിലെ അവസാന മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന്‍ ടീമിലുണ്ടാകില്ല. ഇതിനൊപ്പം സ്മിത്ത് കൂടി മടങ്ങുന്നത് ടീമിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

നേരത്തെ രഹാനെയുടെ കീഴില്‍ രാജസ്ഥാന്‍ ദയനീയ പ്രകടനം കാഴ്ച വെച്ചതിനെ തുടര്‍ന്നായിരുന്നു സ്മിത്തിനെ ടീമിന്റെ നായകനാക്കിയത്. ടീമിനെ നയിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും വിജയം സമ്മാനിക്കാന്‍ സ്മിത്തിന് കഴിഞ്ഞു. നിലവില്‍ 11 മത്സരങ്ങളില്‍ 4 വിജയം മാത്രമുള്ള റോയല്‍സിന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിക്കേണ്ടതുണ്ട്. ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ മെയ് നാലിനാണ് അവരുടെ അവസാന ലീഗ് മത്സരം. ഈ മത്സരത്തില്‍ സ്മിത്തിന്റെ പ്രകടനം രാജസ്ഥാന് ലഭിക്കില്ല.

നേരത്തെ മുംബൈക്കെതിരായ മത്സരത്തിന് മുന്‍പായിരുന്നു ജോസ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങിയത്. കുട്ടിയുടെ ജനനത്തെത്തുടര്‍ന്ന് നാട്ടിലേക്ക് പോയ ബട്‌ലര്‍ പിന്നീട് ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. കൊല്‍ക്കത്തയ്‌ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിന് ശേഷമാണ് സ്റ്റോക്ക്‌സും, ആര്‍ച്ചറും മടങ്ങിയത്.

Top