രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ തല്‍ക്കാലം നടപടി പാടില്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ വിമത എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനെതിരെ സച്ചിന്‍ പൈലറ്റും 18 വിമത എംഎല്‍എമാരും നല്‍കിയ കേസിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും കക്ഷി ചേര്‍ക്കണമെന്ന് സച്ചിന്‍ പൈലറ്റ് അവസാന നിമിഷം ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. തിങ്കളാഴ്ചത്തെ സുപ്രീം കോടതി ഉത്തരവാണ് ഇനി നിര്‍ണായകമാവുക. അതുവരെ തല്‍സ്ഥിതി തുടരാനാണ് ഹൈക്കോടതി പറയുന്നത്.

നേരത്തെ, സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടികള്‍ താത്കാലികമായി തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഒരു ദിവസം കൂടി കാത്തിരിക്കാനാവില്ലേയെന്നു ഹര്‍ജിക്കാരനായ നിയമസഭാ സ്പീക്കര്‍ സി.പി. ജോഷിയോടു ചോദിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദങ്ങളെ അടച്ചുവയ്ക്കാനാവില്ലെന്നു നിരീക്ഷിച്ചു.

സ്പീക്കറുടെ നടപടിക്രമങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നായിരുന്നു ഹര്‍ജിയിലെ വാദം. സ്പീക്കര്‍ തീരുമാനമെടുക്കുംമുന്‍പേ അതു പുനഃപരിശോധിക്കാനാവില്ല. സച്ചിന്‍ പൈലറ്റിനും കൂട്ടര്‍ക്കുമെതിരേ നോട്ടീസയക്കുക മാത്രമാണു ചെയ്തത്. അയോഗ്യതാ വിഷയത്തില്‍ അവരുടെ അഭിപ്രായം തേടിയാണ് നോട്ടീസ്. അത് അവരുടെ അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനമില്ലെന്നും സ്പീക്കറുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top