ഐപിഎൽ ഫൈനലിൽ ഗുജറാത്തിന്റെ എതിരാളികളെ ഇന്നറിയാം

ഐപിഎലിലെ രണ്ടാം ക്വാളിഫയറിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി 7.30ന് അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് പ്ലേ ഓഫിലെത്തിയ ബാംഗ്ലൂർ എലിമിനേറ്ററിൽ മൂന്നാം സ്ഥാനക്കാരായ ലക്നൗവിനെയും കെട്ടുകെട്ടിച്ചു. കൃത്യ സമയത്ത് ടീം ക്ലിനിക്കൽ പ്രകടനങ്ങൾ നടത്തുന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വിരാട് കോലി ഫോമിൻ്റെ മിന്നലാട്ടങ്ങൾ കാണിക്കുന്നു. ചെറിയ ഇംപാക്ട് ഇന്നിംഗ്സുകളിലൂടെ ടീമിനു സംഭാവനകൾ നൽകിവന്ന രജത് പാടിദാർ കഴിഞ്ഞ മത്സരത്തിൽ നേടിയ സെഞ്ചുറി ഒരു മുന്നറിയിപ്പാണ്. മാക്സ്‌വൽ, ഡുപ്ലെസി, ലോംറോർ, കാർത്തിക് എന്നിങ്ങനെ നീളുന്ന ബാറ്റിംഗ് നിര ശക്തമാണ്. ഹർഷൽ പട്ടേലും വനിന്ദു ഹസരങ്കയും നയിക്കുന്ന ബൗളിംഗ് നിരയും ശക്തമാണ്.

ഗുജറാത്തിനെതിരായ ആദ്യ ക്വാളിഫയറിൽ ജോസ് ബട്‌ലർ ഫോമിലേക്കുയർന്നത് രാജസ്ഥാന് ആശ്വാസമാണ്. ബട്‌ലർക്കൊപ്പം യശസ്വി ജയ്സ്‌വാൾ, ദേവ്ദത്ത് പടിക്കൽ, ഷിംറോൺ ഹെട്‌മെയർ, ആർ അശ്വിൻ എന്നിവരൊക്കെ ബാറ്റുകൊണ്ട് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. അശ്വിൻ, ചഹാൽ, ബോൾട്ട്, പ്രസിദ്ധ് എന്നിവരൊക്കെ അടങ്ങിയ ബൗളിംഗ് നിര കഴിഞ്ഞ ചില മത്സരങ്ങൾ പിന്നാക്കം പോയത് രാജസ്ഥാനു തിരിച്ചടിയാണ്. പ്രത്യേകിച്ചും ചഹാലിൻ്റെ ഫോം ഡിപ്പ് രാജസ്ഥാനു തലവേദനയാണ്.

ഹസരങ്ക-സഞ്ജു ഫേസ് ഓഫ് ശ്രദ്ധേയമാവും. ടി20യിൽ അഞ്ച് തവണയാണ് സഞ്ജുവിനെ താരം വീഴ്ത്തിയത്.

Top