സഞ്ജുവിന്റെ വിമര്‍ശകര്‍ക്ക് മറുപടിയുമായി രാജസ്ഥാന്‍ റോയല്‍സ്

ദുബായ്: സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ അഭാവം തിരിച്ചടിയായതോടെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റുകൊണ്ട് മറുപടി പറയുകയാണോ. 57 പന്തില്‍ 82 റണ്‍സ് അടിച്ചുകൂട്ടിയ ക്ലാസിക് ഇന്നിങ്‌സിന് പിന്നാലെ റോയല്‍സ് ഇന്‍സ്റ്റയിലിട്ട പോസ്റ്റ് സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാന്‍ എന്ന സഞ്ജുവിന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയായി വ്യാഖ്യാനിക്കപ്പെടുന്നു. അവസാനിച്ചിട്ടില്ല എന്ന സന്ദേശം നല്‍കുന്ന പത്രക്കട്ടിങ്ങും സഞ്ജുവിന്റെ ചിത്രവുമാണ് പോസ്റ്റിലുള്ളത്.

ദൈവം നല്‍കിയ കഴിവ് പാഴാക്കുകയാണെന്ന് ഗാവസ്‌കര്‍ ഓര്‍മ്മിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് മികച്ച ഇന്നിങ്‌സ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ക്ഷമയോടെ തുടങ്ങി ഷോട്ട് സെലക്ഷനില്‍ ശ്രദ്ധിച്ച് ഇന്നിങ്‌സ് കെട്ടിപ്പെടുത്ത് തന്റെ ബാറ്റിങ് ശൈലി മാറ്റി എന്ന് തെളിയിക്കുന്നതായി ഇന്നിങ്‌സ്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും റോയല്‍സ് നിരയുടെ നെടുംതൂണായി സഞ്ജു അര്‍ധസെഞ്ച്വറിയുമായി തിളങ്ങി.

പിന്തുണ നല്‍കാന്‍ ഒരു പോരാളി പോലുമില്ലാതിരുന്നതോടെ സഞ്ജു മികച്ച സ്‌കോര്‍ കണ്ടെത്തിയിട്ടും ടീം തോറ്റു. ആ നിരാശയ്ക്കിടയിലും ടോപ് സ്‌കോററുടെ ഓറഞ്ച് ക്യാപ് സഞ്ജു അണിയുന്ന കാഴ്ചയും ഇന്നലെ കണ്ടു. 10 കളിയില്‍ നിന്ന് 433 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. അതും 142 റണ്‍സ് ശരാശരിയില്‍.

 

Top