ഐപിഎല്ലിന് മുമ്പ് നിര്‍ണായക നീക്കവുമായി സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ്

ജയ്പൂര്‍: ഐപിഎല്ലിന് മുമ്പ് നിര്‍ണായക നീക്കവുമായി സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് പരിശീലകനായ ഷെയ്ന്‍ ബോണ്ടിനെ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് പരിശീലകനായി നിയമിച്ചു. കഴിഞ്ഞ ആഴ്ചയാണ് മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് പരിശീലക പദവി ഒഴിയുന്ന കാര്യം ബോണ്ട് അറിയിച്ചത്.

മുംബൈക്കൊപ്പം അഞ്ച് ഐപിഎല്‍ കിരീടനേട്ടങ്ങളിലും ബോണ്ട് പങ്കാളിയായിരുന്നു.2012 മുതല്‍ 2015വരെ ന്യൂസിലന്‍ഡിന്റെ ബൗളിംഗ് പരിശീലകനായും ബോണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാന്‍ പേസ് ആക്രമണ നിരയായ ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, നവദീപ് സെയ്‌നി, സന്ദീപ് ശര്‍മ, കുല്‍ദീപ് സെന്‍, ഒബേദ് മക്ക്കോയ്, കെ എം ആസിഫ്, കുല്‍ദീപ് യാദവ് എന്നിവരടങ്ങുന്ന ബൗളിംഗ് നിരയെ ആകും ബോണ്ട് പരിശീലകിപ്പിക്കുക.

ഒമ്പത് വര്‍ഷമായി മുംബൈയുടെ ബൗളിംഗ് പരിശീലകനായിരുന്നു ന്യൂസിലന്‍ഡ് താരമായിരുന്ന ഷെയ്ന്‍ ബോണ്ട്. രാജസ്ഥാന്റെ പേസ് ബൗളിംഗ് പരിശീലകനായി നിയമിച്ചതിനൊപ്പം ബോണ്ടിന് സഹ പരിശീലകന്റെ അധികചുമതലയും നല്‍കിയിട്ടുണ്ട്.

 

 

Top