ദേശീയ അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗാമെഡി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

ജയ്പുര്‍: രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കര്‍ണിസേന’യുടെ ദേശീയ അധ്യക്ഷന്‍ സുഖ്ദേവ് സിങ് ഗോഗാമെഡി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി രാജസ്ഥാന്‍ പോലീസ്. ചൊവ്വാഴ്ച രാവിലെ ജയ്പുര്‍ ശ്യാംനഗറിലെ വീട്ടില്‍ അതിക്രമിച്ചെത്തിയ അജ്ഞാതരാണ് സുഖ്ദേവ് സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊല്ലപ്പെട്ട സുഖ്ദേവിന് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍നിന്ന് വധഭീഷണി നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗവും ഗുണ്ടാനേതാവുമായ സാംബത് നെഹ്റയാണ് വധഭീഷണി മുഴക്കിയത്. ഇയാളില്‍നിന്ന് ഭീഷണിയുണ്ടായതിന് പിന്നാലെ സുഖ്ദേവ് സിങ് ഇക്കാര്യം ജയ്പുര്‍ പോലീസിനെ അറിയിച്ചിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജയ്പുരില്‍ ആരംഭിച്ച പ്രതിഷേധം ചുരു, ഉദയ്പുര്‍, അല്‍വാര്‍, ജോധ്പുര്‍ മേഖലകളിലേക്കും വ്യാപിച്ചിരുന്നു. പ്രതികള്‍ക്ക് വേണ്ടി വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തുകയാണ്. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വേണ്ടി ഡി.ജി.പി.ഉമേഷ് മിശ്ര സ്‌പെഷ്യല്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.കര്‍ണിസേന നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജസ്ഥാനില്‍ ഉടനീളം വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

 

Top