തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപിയുടെ രാജസ്ഥാന്‍ മോഹം പൊലിഞ്ഞു, പച്ച പിടിച്ചത് കോണ്‍ഗ്രസ്

ജയ്പൂര്‍: ബി.ജെ.പിയുടെ രാജസ്ഥാന്‍ മോഹത്തിന് മങ്ങലേല്‍ക്കുന്നു. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വന്‍ തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. നേരത്തെ 961 സീറ്റുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ വെറും 737 സീറ്റുകള്‍ മാത്രമാണ് ഉള്ളത്. അതേസമയം കോണ്‍ഗ്രസാകട്ടെ മിന്നുന്ന പ്രകടനമാണ് 49 തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാഴ്ച വെച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് രാജസ്ഥാനില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടന്നത്. 2105 വാര്‍ഡുകളിലേക്ക് നടന്ന് തെരഞ്ഞെടുപ്പുകളില്‍ പകുതിയും കോണ്‍ഗ്രസ് നേടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഫലങ്ങള്‍ പ്രതീക്ഷിച്ചത് പോലെ തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഖെലോട്ട് പറഞ്ഞത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് അശോക് ഖെലോട്ട് വ്യക്തമാക്കി. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ അല്‍പം പോലും പിന്നോട്ട് പോവില്ലെന്നും അശോക് ഖെലോട്ട് കൂട്ടിച്ചേര്‍ത്തു. ബഹുജന്‍ സമാജ് പാര്‍ട്ടി 16 വാര്‍ഡുകള്‍ നേടിയപ്പോള്‍ സിപിഎമ്മും മൂന്നും എന്‍സിപി രണ്ടും വാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

രാജസ്ഥാന്റെ 33 ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 7942 പേര്‍ മത്സരിച്ചതില്‍ 2832 പേര്‍ സ്ത്രീകളായിരുന്നു. പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുപത്തിമൂന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് നയിക്കും, ആറിടത്താണ് ബിജെപി ഭരണമുണ്ടാവുക. മുന്‍സിപ്പല്‍ ബോര്‍ഡ് രൂപീകരണത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നിലപാട് നിര്‍ണായകമാവുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 196 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 19 മുന്‍സിപ്പല്‍ കൗണ്‍സിലുകളും 27 മുന്‍സിപ്പാലിറ്റികളുമുണ്ട്. 72 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്.

Top